ദില്ലി: കേദാര്‍നാഥ് സന്ദര്‍ശനത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കി  മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കേദാര്‍നാഥ് യാത്ര തന്‍റെ വ്യക്തിപരമായ തീരുമാനം ആണെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നും മോദി പറഞ്ഞു.

'കേദാര്‍നാഥ് യാത്രയില്‍ പലരും രാഷ്ടീയ അര്‍ത്ഥങ്ങളാണ് കാണുന്നത്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ആ യാത്ര സ്വയം കണ്ടെത്താനുള്ള അവസരമായിരുന്നു'- മോദി പറഞ്ഞു.

നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ മൻ കി ബാത്തില്‍ ഏറെ വിഷയങ്ങള്‍ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്‍റെ  സന്ദേശം. രാജ്യം നേരിടുന്ന ജല പ്രതിസന്ധിയെ സൂചിപ്പിച്ച പ്രധാനമന്ത്രി ക്രിയാത്മകവും, സംയോജിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഈ പ്രതിസന്ധി മറികടക്കണം എന്ന് സൂചിപ്പിച്ചു. ഇതിനായി മൂന്ന് അഭ്യര്‍ത്ഥനകള്‍ പ്രധാനമന്ത്രി മുന്നോട്ടുവച്ചു.

ജലദൗര്‍ലഭ്യം സംബന്ധിച്ച ബോധവത്കരണം നടത്തണം, ജല സംരക്ഷണം സംബന്ധിച്ച രീതികളും അറിവുകളും പങ്കുവയ്ക്കണം. ഒപ്പം ജല സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികളും സംഘടനകളും സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കണം. എന്നിവയാണ് പ്രധാനമന്ത്രിയുടെ ആവശ്യം. രാജ്യത്ത് പെയ്യുന്ന മഴയുടെ 8 ശതമാനം മാത്രമാണ് സംഭരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.