ദില്ലി മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കെജ്‌രിവാൾ 58 കോടിയിലധികം രൂപ മുടക്കി നവീകരിച്ച 'ശീഷ് മഹൽ' ദില്ലി സർക്കാർ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. 20 രൂപ ടിക്കറ്റെടുത്ത് ഈ ആഡംബര വസതിയിലെ കാഴ്ചകൾ ആർക്കും കാണാനാകും.

ദില്ലി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ ആംആദ്മി പാർട്ടിയെ പ്രതിരോധത്തിലാക്കി മുഖ്യമന്ത്രിയായിരിക്കേ അരവി​ന്ദ് കെജ്രിവാൾ മോടിപിടിപ്പിച്ച ആഢംബര വസതി പൊതുജനങ്ങൾക്കായി അടുത്തമാസം ദില്ലി സർക്കാർ തുറന്നുനൽകും. 20 രൂപ ടിക്കറ്റെടുത്താണ് വിവാദ ശീഷ് മഹൽ ആളുകൾക്ക് കാണാനാവുക. ആംആദ്മി പാർട്ടി നടപടിയോട് പ്രതികരിച്ചിട്ടില്ല.

12 ലക്ഷം രൂപയുടെ കർട്ടൻ, 13 ലക്ഷം രൂപയുടെ മേശ, 6 ലക്ഷം മുടക്കിയ കക്കൂസും കുളിമുറിയും. ജിം മുതൽ മുടിവെട്ടാനും മസാജിങിനും വരെ പ്രത്യേകം മുറികൾ. ശീഷ് മഹലിലെ കാഴ്ചകൾ ആരെയും അമ്പരപ്പിക്കുന്നതാണ്. 2015 മുതൽ 2024 വരെ ദില്ലി മുഖ്യമന്ത്രിയായിരിക്കേ കെജ്രിവാൾ താമസിച്ച സിവിൽ ലൈൻസിലെ ഔദ്യോ​ഗിക ബം​ഗ്ലാവാണ് പൊതുജനങ്ങൾക്കായി തുറക്കാൻ പോകുന്നത്. ബം​ഗ്ലാവ് നവീകരിക്കാൻ ഖജനാവിൽനിന്നും ആകെ 58 കോടിയിലധികം മുടക്കിയെന്നാണ് സർക്കാർ കണ്ടെത്തൽ. ഇത് ജനങ്ങൾക്ക് ബോധ്യപ്പെടാൻ ഓരോന്നിനും മേൽ ചിലവാക്കിയ തുകയും എഴുതിവച്ചിട്ടുണ്ട്. ദില്ലി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ബംഗ്ലാവിൽ ഓൺലൈനായി 20 രൂപ ടിക്കറ്റെടുത്ത് ആർക്കും കാണാം. ഔദ്യോ​ഗിക ഉദ്ഘാടനം ഉടനുണ്ടാകും. ഇതിന് മുന്നോടിയായാണ് മാധ്യമങ്ങൾക്കൊപ്പം മന്ത്രി പർവേഷ് വർമ ഇന്ന് ഹോം ടൂർ നടത്തിയത്. ആഡംബര വസതിയും കാറുകളും ഉപയോ​ഗിക്കില്ലെന്ന് കെജ്രിവാൾ നേരത്തെ പ്രസം​ഗിച്ചതും ശീഷ് മഹലിൽ പ്രദർശിപ്പിക്കുന്നുണ്ട്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്ന കെജ്രിവാളോ ആംആദ്മി പാർട്ടിയോ നടപടിയോട് പ്രതികരിച്ചിട്ടില്ല. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പടുക്കുമ്പോൾ രാജ്യതലസ്ഥാനത്ത് ബിജെപിയുടെ നിർണായക നീക്കമാണ് ശീഷ് മഹല് പൊതുജനങ്ങൾക്ക് തുറന്ന് നൽകുന്നത്. ഇത് എത്രത്തോളം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നതറിയാൻ കാത്തിരിക്കാം.

YouTube video player