ദില്ലി:  ഹോട്ട് സ്പോട്ടുകൾ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ .കേരളത്തിന് വേണമെങ്കിൽ ഹോട്ട് സ്പോട്ടുകളുടെ കൂട്ടത്തിൽ ജില്ലകളുടെ എണ്ണം വർദ്ധിപ്പിക്കാം. ഹോട്ട് സ്പോട്ടിൽ നിന്ന് ഏതെങ്കിലും ജില്ലകളെ ഒഴിവാക്കണമെങ്കിൽ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടണം. തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേരളം നൽകിയ കണക്കുകളുടെ  അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകൾ നിശ്ചയിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

കഴിഞ്ഞ രണ്ടാഴ്ചക്കിടെ കേരളത്തിലെ കോട്ടയം ഉൾപ്പടെ രാജ്യത്തെ 325 ജില്ലകളിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. കേന്ദ്രം ഇന്നലെ പുതുക്കി നിശ്ചയിച്ച കൊവിഡ് ഹോട്ട് സ്പോട്ട് ജില്ലകളുടെ തരംതിരിവ് അശാസ്ത്രീയമാണെന്നാണ് കേരളത്തിൻറെ നിലപാട്. ഒരു കേസ് മാത്രമുള്ള വയനാടും രണ്ട് കേസുള്ള തിരുവനന്തപുരവും കേന്ദ്ര പട്ടികയിൽ ഹോട്ട് സ്പോട്ടാണ്.

ചൊവ്വാഴ്ച മാത്രം 3 കേസുകൾ റിപ്പോർട്ട് ചെയ്ത കോഴിക്കോടാകട്ടെ ഏറ്റവും സുരക്ഷിതമായ ഗ്രീൻ സോണിൽ. ഈ സാഹചര്യത്തിലാണ് രോഗത്തിൻറെ ഏറ്റവും പുതിയ തോത് കണക്കാക്കി സംസ്ഥാനം ജില്ലകളെ നാലു മേഖലകളാക്കുന്നത്. രോഗത്തിന്‍റെ തീവ്രത ഏറ്റവും കൂടുതലുള്ള കാസർക്കോട് ,കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് ഒന്നാ മേഖലായായ റെഡ് സോണിൽ. തിങ്കഴാഴ്ചക്ക് ശേഷവും ഈ മേഖലകളിൽ കടുത്ത നിയന്ത്രണം തുടരും.

രണ്ടാം മേഖലയിൽ പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിൽ   ഇളവുണ്ടാകും. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂർ, വയനാട് ഉൾപ്പെടുന്ന മൂന്നാം മേഖലയിൽ കുറെക്കൂടി ഇളവുകൾ വരും. നാലാം മേഖലയായ നിലവിൽ ഏറ്റവും സുരക്ഷിതമായ കോട്ടയം, ഇടുക്കി എന്നിവടങ്ങളിൽ നിയന്ത്രണങ്ങൾ വളരെ കുറവാകും.