ദില്ലി: ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേരളം അംഗമായിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ വാദം തള്ളി കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വനികുമാർ ചൗബെ. ഒഡീഷയും, തെലങ്കാനയും, ദില്ലിയും മാത്രമേ പദ്ധതിയിൽ ഇനിയും ചേരാതെയുള്ളൂ എന്ന് അശ്വനികുമാർ ചൗബേ ലോകസഭയിൽ അറിയിച്ചു. രാജീവ് പ്രതാപ് റൂഡിയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അശ്വനികുമാറിന്‍റെ വിശദീകരണം. കേരളം ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഒപ്പുവച്ചിട്ടില്ലെന്ന് ഗുരുവായൂർ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി പറഞ്ഞത് വലിയ ച‍ർ‍ച്ചയായിരുന്നു.

ബിപിഎൽ പരിധിയിലുള്ളവർക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പാക്കുന്ന പദ്ധതി കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും, സംസ്ഥാനസർക്കാർ ഇതുവരെ ഈ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായിട്ടില്ലെന്നുമാണ് പ്രധാനമന്ത്രി അന്ന് തൃശ്ശൂരിൽ പറഞ്ഞത്. പ്രധാനമന്ത്രിയുടെ ആരോപണം തെറ്റാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രി മന്ത്രി കെ കെ ശൈലജ പദ്ധതിയിൽ കേരളം അംഗമാണെന്നും ഇതിന്‍റെ ആദ്യ ഗഡു കേരളത്തിന് കിട്ടിയെന്നും അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. 

പ്രധാനമന്ത്രി അന്ന് പറഞ്ഞത്:

''രാജ്യത്തെ ദരിദ്രർക്കായാണ് കേന്ദ്രസർക്കാർ 'ആയുഷ്മാൻ ഭാരത്' പദ്ധതി കൊണ്ടുവന്നത്. ഒരസുഖം വന്നെന്ന് കരുത് ഭൂമിയോ വീടോ സ്വത്തോ സ്വർണമോ വിൽക്കേണ്ടി വരാതിരിക്കാനും കടം വാങ്ങേണ്ടി വരാതിരിക്കാനുമാണ് ഈ പദ്ധതി. ബിപിഎൽ പരിധിയിലുള്ളവർക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പാക്കുന്ന പദ്ധതി ലക്ഷക്കണക്കിന് പേർക്ക് ഗുണമായിട്ടുണ്ട്. പക്ഷേ ഈ പദ്ധതി കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കുന്നില്ല, സംസ്ഥാനസർക്കാർ ഇതുവരെ ഈ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായിട്ടില്ല. എല്ലാവർക്കും വേണ്ടി ഈ പദ്ധതിയുമായി സഹകരിക്കണമെന്ന് ഞാൻ കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നു''

കേരളത്തിൽ നിലവിലുള്ള ആരോഗ്യ സുരക്ഷ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്താതെ കേന്ദ്ര പദ്ധതിയിൽ സഹകരിക്കാനാണ് കേരളം ആഗ്രഹിച്ചതെന്നായിരുന്നു ഇതിനുള്ള ആരോഗ്യമന്ത്രിയുടെ മറുപടി

കേന്ദ്രത്തിൽ നേരത്തെ ഉണ്ടായിരുന്ന രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന (RSBY) ക്ക് പകരമായാണ് എൻഡിഎ സർക്കാർ ആയുഷ്മാൻ ഭാരത് പദ്ധതി വിഭാവനം ചെയ്തത്. പാവപ്പെട്ട കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ ഇൻഷുറൻസ് നൽകുമെന്നതായിരുന്നു ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണമായി അവതരിപ്പിക്കപ്പെട്ടത് എന്നാൽ പിന്നീട് പുറത്ത് വന്ന കണക്കുകൾ പ്രകാരം പദ്ധതിക്കായി നീക്കി വച്ച തുക അപര്യാപ്തമാണെന്നും കേരളത്തിൽ നിലവിലെ ആരോഗ്യ പദ്ധതിയുടെ ഗുണഭോക്താക്കളായ പലരും പുതിയ കേന്ദ്ര പദ്ധതിയുടെ സംരക്ഷണത്തിന് പുറത്താകുമെന്നും വ്യക്തമായി. 

കേന്ദ്ര കണക്കുകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ കേരളത്തിലെ 18.5 ലക്ഷം കുടുംബങ്ങളാണ് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളാകുക. എന്നാൽ മുൻ എൽഡിഎഫ് സർക്കാർ തുടങ്ങിവച്ച കേരളത്തിന്‍റെ സ്വന്തം പദ്ധതി ആയ ആർഎസ്ബിവൈ- ചിസ് പദ്ധതിയിലൂടെ തന്നെ 40.9 ലക്ഷം കുടുംബങ്ങൾ ഇൻഷുറൻസ് ഗുണഭോക്താക്കളായിരുന്നു. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഫണ്ട് കൂടി ഉപയോഗിച്ച് സംസ്ഥാനത്ത് കൂടുതൽ മികച്ച ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കുമെന്നാണ് കേരള സർക്കാർ വാദം.