ദില്ലി: രാജ്യത്ത് പുതിയ  കൊവിഡ് കേസുകളുടെ എണ്ണം നിത്യേന ഉയരുമ്പോൾ ഏറ്റവും കുറച്ച് പരിശോധനകൾ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് നിലവിൽ കേരളം. അയൽ സംസ്ഥാനങ്ങളെല്ലാം പരിശോധന നിരക്കിൽ കേരളത്തെ മറികടന്നെന്ന് ദേശീയതലത്തിലെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ആക കൊവിഡ് പരിശോധനകൾ 31.26 ലക്ഷമായി ഉയർന്നിട്ടുണ്ട്. ദേശീയതലത്തിൽ പ്രതിദിന പരിശോധനകൾ ഒരു ലക്ഷം കടന്നു. രണ്ടു ദിവസമായി ഇത് 96,000-ത്തിന് മുകളിലാണ്. എന്നാൽ കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങളും പരിശോധനയിൽ ഇപ്പോഴും പിന്നിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് നടത്തിയ മുപ്പത്തിയൊന്ന് ലക്ഷം പരിശോധനയിൽ ഞായറാഴ്ച വരെ കേരളത്തിൽ നടന്നത് 54,899 കൊവിഡ് പരിശോധനകൾ മാത്രമാണ്.  

പത്തുലക്ഷം പേരിൽ 1577 പേർ കൊവിഡ് പരിശോധനയ്ക്ക് വിധേയരായി എന്നാണ് കേരളത്തിലെ കണക്ക്. പത്തുലക്ഷം പേരിൽ രണ്ടായിരത്തിൽ താഴെ പരിശോധനകൾ നടന്ന പത്ത് സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഈ പട്ടികയിലുണ്ട്. 

1.14 ലക്ഷം കൊവിഡ് പരിശോധനകൾ ഒരു ദിവസം രാജ്യത്ത് നടക്കുമ്പോൾ കേരളത്തിലെ സംഖ്യ മെയ് 24-ന് 1026ഉം, മെയ് 25ന് 1102 -മാണ്. അതായത് രാജ്യത്തെ ആകെ പരിശോധനകളുടെ ഒരു ശതമാനം മാത്രമാണ് അടുത്തിടെയായി കേരളത്തിൽ നടക്കുന്നത്. തമിഴ്നാട് പത്തുലക്ഷം പേരിൽ 4233 പേരെയും കർണ്ണാടക 2163 പേരെയും പരിശോധിച്ചു കഴിഞ്ഞു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തെലങ്കാന മാത്രമാണ് പരിശോധനകളുടെ എണ്ണത്തിൽ ഇപ്പോൾ കേരളത്തിനു പിന്നിലുള്ളു.

പരിശോധനയിൽ പോസിറ്റീവാകുന്നവരുടെ എണ്ണം കേരളത്തിൽ കുറവാണ്. എന്നാൽ സമാനസാഹചര്യമുള്ള ഹിമാചൽ, ജമ്മുകശ്മീർ പോലുള്ള സംസ്ഥാനങ്ങൾ പോലും പരിശോധനയുടെ കാര്യത്തിൽ ഏറെ മുന്നോട്ടുപോയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

 കൊവിഡ് പരിശോധന - കണക്കുകളിലൂടെ...

ഇന്ത്യയിലെ ആക കൊവിഡ് പരിശോധനകൾ - 31,26, 119.

നിലവിൽ രാജ്യത്തെ ഒരു ലക്ഷത്തോളം ആളുകൾ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നു

ഞായറാഴ്ച വരെ കേരളത്തിൽ നടന്നത് 54,899 പരിശോധനകൾ

കേരളത്തിലെ ഓരോ പത്തുലക്ഷം പേരിലും 1577 പേർ കൊവിഡ് പരിശോധനയ്ക്ക് വിധേയരായി 

പത്ത് ലക്ഷം പേരിൽ 2000- ത്തിന് താഴെ പരിശോധനകൾ നടന്ന പത്ത് വലിയ സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നു. 

കേരളത്തെ കൂടാതെ ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഈ പട്ടികയിൽ

രാജ്യത്തെ പ്രതിദിന പരിശോധനയിൽ നിവലിൽ ഒരു ശതമാനം കേരളത്തിൽ

തമിഴ്നാട് പത്തുലക്ഷം പേരിൽ 4233 പേരെയും കർണ്ണാടക 2163 പേരെയും പരിശോധിച്ചു

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തെലങ്കാന മാത്രം കേരളത്തിന് പിന്നിൽ