വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, ഗതാഗതമന്ത്രി ആൻ്റണി രാജു, ഭക്ഷ്യമന്ത്രി ജിആര്‍ അനിൽ എന്നിവരാണ് ദില്ലിയിൽ റെയിൽവേ മന്ത്രിയടക്കം വിവിധ മന്ത്രിമാരെ കാണാനായി എത്തിയത്.
ദില്ലി: കേരളത്തിൽ നിന്നും എത്തിയ മന്ത്രിമാരെ കാണാൻ അവസരം നൽകാതെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നേമം ടെര്‍മിനൽ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ വികസനം എന്നിവയെക്കുറിച്ച് റെയിൽവേ മന്ത്രിയുമായി ചര്‍ച്ച നടത്താനായാണ് മന്ത്രിമാര്‍ കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, ഗതാഗതമന്ത്രി ആൻ്റണി രാജു, ഭക്ഷ്യമന്ത്രി ജിആര്‍ അനിൽ എന്നിവരാണ് ദില്ലിയിൽ റെയിൽവേ മന്ത്രിയടക്കം വിവിധ മന്ത്രിമാരെ കാണാനായി എത്തിയത്.
റെയിൽവേ മന്ത്രിക്ക് പകരം സഹമന്ത്രിയെ കാണാനാണ് മന്ത്രിമാര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. തുടര്‍ന്ന് റെയിൽവേ സഹമന്ത്രിയുമായി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. നേമം ടെര്‍മിനിൽ അടക്കമുള്ള പദ്ധതികളിലെ ആശങ്ക പരിഹരിക്കണമെന്ന് മന്ത്രിമാര്‍ ചര്‍ച്ചയിൽ ആവശ്യപ്പെട്ടു. നേരത്തെ റെയിൽവേ ബോര്‍ഡ് ചെയര്‍മാനുമായും മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. റെയിൽവേ മന്ത്രിയുമായി മന്ത്രിമാര്‍ നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു നേരത്തെ പിആർഡി നൽകിയ അറിയിപ്പിൽ ഉണ്ടായിരുന്നത്.
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുകളുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് എന്നിവരെ കണ്ടിരുന്നു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കൂടുതൽ സഹായം, കേന്ദ്ര സ്കോളർഷിപ്പ് പദ്ധതികളുടെ എണ്ണം വർദ്ധിപ്പിക്കൽ, ഹയർ സെക്കൻഡറി തലത്തിലെ വിവിധ പദ്ധതികൾക്കുള്ള കൂടുതൽ സഹായം, സമഗ്ര ശിക്ഷാ കേരളത്തിനുള്ള സഹായം വർദ്ധിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് അദ്ദേഹം കൈമാറി.
സിൽവര്‍ ലൈനിന് ബദൽ തേടി ബിജെപി, നേതാക്കൾ റെയിൽവേ മന്ത്രിയെ കണ്ടു
ദില്ലി: കേരള സര്‍ക്കാര്‍ മുന്നോട്ട് വച്ച സിൽവര്‍ ലൈൻ പദ്ധതിക്ക് ബദല്‍ സാധ്യതകള്‍ തേടി ബിജെപി. ബദല്‍ ആവശ്യമുന്നയിച്ച് കേന്ദ്ര റെയില്‍വെ മന്ത്രിയുമായി കേരളത്തിലെ ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ബദല്‍ ചർച്ച ചെയ്യാന്‍ കേരളത്തിലെ എംപിമാരെ വിളിക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. നേമം ടെർമിനല്‍ ഉപേക്ഷിക്കില്ലെന്ന് റെയില്‍വെ മന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായും നേതാക്കള്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ മോദി സർക്കാര്‍ തയ്യാറല്ലെന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബിജെപി നേതാക്കള്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ , പി കെ കൃഷ്ണദാസ് ഉള്‍പ്പെടുയുള്ള സംഘമാണ് മന്ത്രിയെ കണ്ടത്
അതിവേഗം സഞ്ചരിക്കാനാകുന്ന റെയില്‍ പാതയോട് യോജിപ്പുണ്ടെങ്കിലും നിരവധിപ്പേരെ കുടിയിറക്കുന്നതും ആശാസ്ത്രീയമായതുമാണ് സില്‍വർലൈനിനോടുള്ള എതിർപ്പിന് കാരണമെന്നാണ് ബിജെപി നിലപാട്. ഈ സാഹചര്യത്തിലാണ് ബദല്‍ പദ്ധതിയുണ്ടാകണമെന്ന് ആവശ്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് മുന്‍പില്‍ കേരള നേതൃത്വം അവതരിപ്പിച്ചത്. ഈ പാര്‍ലമെന്‍റ് സമ്മേളനം അവസാനിക്കുന്നതിന് മുൻപ് ബദല്‍ പദ്ധതിയെ കുറിച്ച് ബിജെപി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പാർലമെന്‍റ് അംഗങ്ങളെ കുടി ഉളള്‍പ്പെടുത്തി ചർച്ച നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതിഷേധങ്ങള്‍ക്കിടെ സംസ്ഥാൻ സർക്കാര്‍ സില്‍വർ ലൈനില്‍ മെല്ലെപ്പോക്ക് സ്വീകരിച്ചത് കൂടി കണക്കിലെടുത്താണ് ബിജെപിയുടെ നീക്കം. അതേസമയം മൂന്നാം പാത നിര്‍മിച്ചോ, നിലവിലെ റെയില്‍ പാതയുടെ വികസനം നടത്തിയോ സില്‍വർ ലൈനിന്‍റെ വേഗത്തില്‍ ട്രെയിനോടിക്കാനാകില്ലെന്ന് കെ റെയിലും സംസ്ഥാന സർക്കാരും നേരത്തെ വ്യക്തമാക്കിയിരുന്നു. നേമം ടെർമിനല്‍ ഉപേക്ഷിക്കരുതെന്ന് മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടുവെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. പദ്ധതി ഉപേക്ഷിക്കുന്ന നീക്കം ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പ് തന്നതായും നേതാക്കള്‍ പ്രതികരിച്ചു
