Asianet News MalayalamAsianet News Malayalam

ലക്ഷദ്വീപ് വിഷയം: എഎം ആരിഫ് എംപി രാഷ്ട്രപതിക്ക് കത്തയച്ചു, അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന് ലീഗ് എംപിമാരും

സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങൾക്കായി  ലക്ഷ്വദ്വീപ് ജനതയുടെ താത്പര്യങ്ങളെ ബലികഴിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ അടിയന്തരമായി തിരിച്ചു വിളിക്കണമെന്നാണ് എഎം ആരിഫ് എംപി ആവശ്യപ്പെട്ടത്

Kerala MPs demands President of India to remove Lakshadweep administrator
Author
Thiruvananthapuram, First Published May 24, 2021, 7:47 PM IST

തിരുവനന്തപുരം: ലക്ഷദ്വീപിലെ ജനതാത്പര്യത്തിന് വിരുദ്ധമായി അഡ്മിനിസ്ട്രേറ്റർ നടത്തിവരുന്ന ഭരണത്തെ വിമർശിച്ച് കൂടുതൽ എംപിമാർ. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആലപ്പുഴ എംപി എഎം ആരിഫ് രാഷ്ട്രപതിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന് മുസ്ലിം ലീഗ് എംപിമാരും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങൾക്കായി  ലക്ഷ്വദ്വീപ് ജനതയുടെ താത്പര്യങ്ങളെ ബലികഴിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ അടിയന്തരമായി തിരിച്ചു വിളിക്കണമെന്നാണ് എഎം ആരിഫ് എംപി ആവശ്യപ്പെട്ടത്. ശാന്തവും സമാധാനപരവുമായ ജീവിതം നയിക്കുന്ന ലക്ഷദ്വീപിലെ ജനങ്ങളെ ശത്രുക്കളായാണ്‌ ഭരണകൂടം കാണുന്നത്. മദ്യ വിൽപനയ്ക്ക് ലൈസൻസ് അനുവദിക്കുന്നത് ജനങ്ങളുടെ താത്പര്യത്തിന്‌ എതിരാണ്‌. കൊവിഡിന്റെ ഒന്നാം തരംഗത്തിൽ പൂർണ്ണമായി രോഗത്തെ പ്രതിരോധിക്കാൻ കഴിഞ്ഞെങ്കിൽ, ഭരണകൂടത്തിന്റെ തെറ്റായ നടപടികൾ മൂലം രോഗവ്യാപനം തീവ്രമായ അവസ്ഥയിലാണ്‌ ലക്ഷദ്വീപ്. ജനതാത്പര്യത്തിന്‌ എതിരായി നിലവിലെ അഡ്മിനിസ്ട്രേറ്റർ എടുത്ത എല്ലാ തീരുമാനങ്ങളും പുന:പരിശോധിക്കണമെന്നും രാഷ്ട്രപതിയ്ക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

അഡ്മിനിസ്ട്രേറ്ററെ മാറ്റി കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളുടെ സമിതിയെ ലക്ഷദ്വീപിലേക്ക് അയക്കണമെന്നും മുസ്ലിം ലീഗ് എംപിമാർ ആവശ്യപ്പെട്ടു. ലക്ഷദ്വീപിലെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളും കരിനിയമങ്ങൾ ഉപയോഗിച്ച് നടക്കുന്ന ജനവിരുദ്ധ നീക്കങ്ങളെയും നേരിട്ട് മനസ്സിലാക്കുന്നതിനാണ് കേരളത്തിലെ എംപിമാർ ഉൾകൊള്ളുന്ന സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എംപിമാരായ ഇടി മുഹമ്മദ്‌ ബഷീർ, അബ്ദുസ്സമദ് സമദാനി, പിവി അബ്ദുൽ വഹാബ് എന്നിവരാണ് രാഷ്ട്രപതിക്ക് കത്തയച്ചത്.

Follow Us:
Download App:
  • android
  • ios