തരൂരിനെ പിന്തുണച്ച് കെ മുരളീധരൻ, എംകെ രാഘവൻ, ബെന്നി ബഹന്നാൻ എന്നിവർ ഖർഗയെ കണ്ടു. ഹൈബി ഈഡൻ എംപി , അനിൽ ആന്‍റണി അടക്കമുള്ള യുവ നിരയും രംഗത്തുണ്ട്. തരൂരിനായി കാർത്തി ചിദംബരവും സൽമാൻ സോസും കത്ത് നൽകും. 

ദില്ലി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് ശശി തരൂരിനെ ഉൾപ്പെടുത്തുന്നതിൽ ഉറപ്പ് നല്കാതെ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർ​ജുൻ ഖാർഗെ. ആലോചന തുടങ്ങിയില്ലെന്നാണ് ഖർഗെ കേരളത്തിലെ എംപിമാരോട് അറിയിച്ചത്. തരൂർ മുതൽക്കൂട്ടാണെന്ന് അംഗീകരിക്കുന്നുവെന്ന് ഖർഗെ പറഞ്ഞു. 

അതേസമയം, തരൂരിന് കേരളത്തിൽ നിന്ന് പിന്തുണ ഏറുകയാണ്. തരൂരിനെ പിന്തുണച്ച് കെ മുരളീധരൻ, എംകെ രാഘവൻ, ബെന്നി ബഹന്നാൻ എന്നിവർ ഖർഗയെ കണ്ടു. മുരളീധരന്റെ പിന്തുണ സംസ്ഥാന രാഷ്ട്രീയത്തിലടക്കം ചില ചലനങ്ങൾക്ക് സാധ്യത ഉണ്ട്. ഹൈബി ഈഡൻ എംപി, അനിൽ ആന്‍റണി അടക്കമുള്ള യുവ നിരയും തരൂരിനായി കാർത്തി ചിദംബരവും സൽമാൻ സോസും കത്ത് നൽകും. 

അതേസമയം കേരള നേതൃത്വം ശശി തരൂരിനെ എതിർക്കാനാണ് സാധ്യത. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്ക് തരൂരിനെ താൽപര്യമില്ല. അതുകൊണ്ട് തന്നെ തരൂരിനായി വാദിക്കാൻ അവരുണ്ടാകില്ല. പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന നിലപാടിലാണ് തരൂർ. പരിഗണിക്കുകയാണെങ്കിൽ നോമിനേറ്റ് ചെയ്യണമെന്നതാണ് ആവശ്യം. 

റായ്പൂരിൽ സംഘടിപ്പിച്ചിട്ടുള്ള പ്ലീനറി സമ്മേളനത്തിന് ഇനി 10 ദിവസം മാത്രമാണ് ഉള്ളത്. പ്രവർത്തക സമിതിയിലേക്ക് 12പേരെ ആണ് തെരഞ്ഞെടുക്കേണ്ടത്. അതേസമയം, പ്രവർത്തക തന്നെ സമിതിയിലേക്ക് പരിഗണിക്കേണ്ട എന്ന നിലപാട് എ കെ ആൻറണി അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ആരോഗ്യപരമായ പ്രശ്നങ്ങളുള്ളതിനാൽ ഉമ്മൻചാണ്ടിയും ഇതേ നിലപാട് അറിയിച്ചേക്കും. 

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം: ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ തരൂരും, 21 അംഗ സമിതിയില്‍ ചെന്നിത്തലയും