ദില്ലി: 1986-ൽ കേന്ദ്രമന്ത്രിപദം രാജി വച്ച് പാർട്ടി വിടുക. 'ധീരനായ മനുഷ്യന്‍റെ ധീരമായ തീരുമാന'മെന്ന് അന്ന് ആ മനുഷ്യന്‍റെ തീരുമാനത്തെ മാധ്യമങ്ങൾ വാഴ്‍ത്തി. അതായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. പല കാലങ്ങളിൽ പല പാർട്ടികൾക്കൊപ്പമായിരുന്നെങ്കിലും എന്നും, മുസ്ലിം സമൂഹത്തിലെ കാലഹരണപ്പെട്ട നിയമങ്ങളെ പൊളിച്ചെഴുതണമെന്നതിൽ അദ്ദേഹത്തിന് ഒരു നിലപാട് മാത്രമേയുണ്ടായിരുന്നുള്ളൂ. 

1986-ലായിരുന്നു ഷാബാനു കേസിൽ സുപ്രീംകോടതി ആ നിർണായക വിധി പുറപ്പെടുവിയ്ക്കുന്നത്. ഇന്ദോർ സ്വദേശിനിയായ 62 വയസ്സുള്ള ഷാബാനു എന്ന സ്ത്രീയെ മൊഴി ചൊല്ലിയ ഭർത്താവ് മുഹമ്മദ് അഹമ്മദ് ഖാന്, അവർക്ക് ജീവനാംശം നൽകാനും ബാധ്യതയുണ്ടെന്നായിരുന്നു വിധി. എന്നാൽ വിധിക്കെതിരെ മുസ്ലിം പൗരോഹിത്യസമൂഹം ശക്തമായി രംഗത്തു വന്നു. പ്രതിഷേധമുയർത്തി. വിരണ്ടുപോയ രാജീവ് ഗാന്ധി സർക്കാർ വിധിക്കെതിരെ നിയമം കൊണ്ടുവന്ന് പാർലമെന്‍റിൽ പാസ്സാക്കി.

എന്നാൽ ഇതിനെതിരായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. അന്ന് രാജീവ് ഗാന്ധി സർക്കാരിന്‍റെ നീക്കത്തിൽ പ്രതിഷേധിച്ച് ഖാൻ രാജി വച്ചു. ധീരമായ തീരുമാനമായി മാധ്യമങ്ങൾ അതിനെ വാഴ്ത്തി. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി പാർട്ടികൾ "മുസ്ലിം കാർ‍ഡ്'' ഇറക്കി കളിക്കുന്നത് സമുദായത്തിന് ദോഷമായി മാറുമെന്നായിരുന്നു എക്കാലവും അദ്ദേഹത്തിന്‍റെ നിലപാട്. 

പഴയ ഒരു കോൺഗ്രസ് നേതാവ് മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കൽ ആരോപിച്ചിരുന്നു. ''മുസ്ലിങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത് ഞങ്ങളുടെ പണിയല്ല. അവർ ഓടയിൽ കിടക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കിൽ അങ്ങനെ കിടക്കട്ടെ'' എന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞുവെന്നായിരുന്നു മോദിയുടെ ആരോപണം. മുൻ പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹറാവുവാണ് കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് ഇത്തരമൊരു പ്രതികരണം നടത്തിയതെന്ന് ഖാൻ വെളിപ്പെടുത്തി. ഇത് വലിയ വിവാദമാവുകയും ചെയ്തു. 

മുത്തലാഖ് നിരോധനബില്ലിനെ ശക്തമായ പിന്തുണയ്ക്കുന്നയാളാണ് ഖാൻ. ബില്ല് പാസ്സായപ്പോൾ ശക്തമായ പിന്തുണയാണ് അദ്ദേഹം മോദി സർക്കാരിന് നൽകിയത്. മോദി കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും വിവിധ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. 

കേരളത്തെക്കുറിച്ച് ..

രാജ്യത്തെ ഏറ്റവും പുരോഗമനപരമായ കാഴ്ചപ്പാടുകൾ വച്ചു പുലർത്തുന്ന, മികച്ച സാക്ഷരതാ നിരക്കുള്ള കേരളത്തിന്‍റെ ഗവർണറാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നിയുക്ത ഗവർണർ വ്യക്തമാക്കി. ദൈവത്തിന്‍റെ സ്വന്തം നാടാണ് കേരളമെന്നും ആരിഫ് മുഹമ്മദ് ഖാൻ. 

രാഷ്ട്രീയജീവിതരേഖ

ഉത്തർപ്രദേശിൽ ജനിച്ച ആരിഫ് മുഹമ്മദ് ഖാൻ അലിഗഢ് സർവകലാശാലയിലും ലഖ്‍നൗ സർവകലാശാലയിലുമായാണ് പഠനം പൂർത്തിയാക്കിയത്. മുൻ യുപി മുഖ്യമന്ത്രി ചരൺ സിംഗ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ക്രാന്തി ദളിൽ നിന്നാണ് ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. 1977-ൽ 26-ാം വയസ്സിൽ അദ്ദേഹം യുപി നിയമസഭയിലെത്തി. 1980-ൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. 1980-ലും 84-ലും കാൻപൂരിൽ നിന്നും ബറൈച്ചിൽ നിന്നും അദ്ദേഹം ലോക്സഭയിലെത്തി. 

1986-ൽ അദ്ദേഹം രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസുമായി തെറ്റി. പാർട്ടി വിട്ടു. പിന്നീട് ജനതാദളിൽ ചേർന്ന അദ്ദേഹം 1989-ൽ ദൾ സ്ഥാനാർത്ഥിയായി മത്സരിച്ച് ലോക്സഭയിലെത്തി. 89-ൽ ജനതാദൾ സർക്കാർ അധികാരത്തിലെത്തിയപ്പോൾ കേന്ദ്രമന്ത്രിയായി. 

1998-ൽ അദ്ദേഹം ജനതാദളും വിട്ടു. ബിഎസ്‍പിയിലെത്തി. ബറൈച്ചിൽ നിന്ന് തന്നെ മത്സരിച്ച് വീണ്ടും ലോക്സഭയിലെത്തി. 2004-ൽ അദ്ദേഹം ബിഎസ്‍പി വിട്ട് ബിജെപിയിൽ ചേർന്നു. മത്സരിച്ചെങ്കിലും തോറ്റു. തുടർന്ന് അദ്ദേഹം ബിജെപിയും വിടുന്നതായി പ്രഖ്യാപിച്ചെങ്കിലും, പിന്നീട് മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ബിജെപി നേതൃത്വത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.