ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് രണ്ടു ദിവസത്തെ യോഗം തുടങ്ങുന്നത്. നേരത്തെ 21 സംസ്ഥാനങ്ങൾക്ക് ഇന്ന് സംസാരിക്കാം എന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തിന് സംസാരിക്കാന്‍ അവസരമില്ല. ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് സംസാരിക്കാന്‍ അനുമതി. കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇന്ന് സംസാരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 

കേരളത്തെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിഷേധം രേഖപ്പെടുത്തി. എല്ലാം മുഖ്യമന്ത്രിമാർക്കും പറയാൻ അവസരം നല്‍കണമെന്നും എല്ലാവരെയും ഒരുമിച്ച് വിളിക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. 

ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് രണ്ടു ദിവസത്തെ യോഗം തുടങ്ങുന്നത്. നേരത്തെ 21 സംസ്ഥാനങ്ങൾക്ക് ഇന്ന് സംസാരിക്കാം എന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ലോക്ക് ഡൗണ്‍ പിൻവലിക്കാനുള നടപടികൾ തുടങ്ങിയ ശേഷമുള്ള സാഹചര്യം യോഗം വിലയിരുത്തും. ചികിത്സാ സൗകര്യം കൂട്ടാനുള്ള നടപടികളും യോഗം വിലയിരുത്തും.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3, 43091 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയിൽ 10, 667 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 380 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 9900 ആയി. രോഗമുക്തി നിരക്കിൽ നേരിയ വ‍ർദ്ധനവുള്ളത് ആശ്വാസമായി. 180013 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 

നിലവില്‍, 153178 പേരാണ് രാജ്യത്ത് ചികിത്സയിൽ ഉള്ളത്. മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ 58.29 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്.