അഹമ്മദാബാദ്: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഗുജറാത്തിൽ നാട്ടിലേക്ക് മടങ്ങനാകാതെ നിരവധി മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഒന്നര ലക്ഷത്തിലേറെയാണ് ടൂറിസ്റ്റ് വാഹനം വിളിച്ച് നാട്ടിലെത്താൻ ചെലവ്. പണം നൽകാൻ തയാറായാലും ഡ്രൈവർമാരെ കിട്ടാത്തതും പ്രതിസന്ധിയാണ്.

ലോക്ഡൗൺ കാലമത്രയും സൂറത്തിലെ മുറിയിൽ കുടുങ്ങിയിരിക്കുകയാണ് കൊല്ലം സ്വദേശി ശ്യാമടക്കം പത്ത് പേർ. ജോലി തേടി വന്നവരാണ് ഇവരെല്ലാം. കയ്യിലുള്ള കാശ് തീരും മുൻപ് നാട്ടിലേക്കൊരു ട്രെയിൻ പോവുമെന്ന പ്രതീക്ഷയിലാണ് പിടിച്ച് നിൽക്കുന്നത്. സഹോദരിയെ ഗുജറാത്തിലാക്കാൻ വന്ന വൽസമ്മയ്ക്ക് നാട്ടിലേക്ക് പോവും മുൻപ് തീർന്ന് പോയ മരുന്നെങ്കിലും കിട്ടണം.

പരീക്ഷയ്ക്കായി വന്ന് കുടങ്ങിയവരുടെ പ്രതിനിധിയാണ് ഷിനോജ് എന്ന യുവാവ്.  അഹമ്മദാബാദിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി മരിക്കുക കൂടി ചെയ്തതോടെ ഇവരുടെയെല്ലാം ആശങ്ക ഇരട്ടിയായിട്ടുണ്ട്. പ്രത്യേക ട്രെയിനുകൾ ഉടൻ സർവീസ് തുടങ്ങുക മാത്രമാണ് പരിഹാരമെന്ന് ഇവരെല്ലാം പറയുന്നു.