ദില്ലി: മധ്യപ്രദേശിലെ ഭോപ്പാലിൽ കുടുങ്ങി ഇരുന്നൂറോളം മലയാളി വിദ്യാർത്ഥികൾ. ഭോപ്പാലിൽ സുരക്ഷിതരല്ലെന്നും ഉടൻ നാട്ടിൽ എത്തിക്കണമെന്നും വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ കേരളത്തിലെത്തിക്കാൻ ട്രെയിൻ സർവ്വീസുണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചപ്പോൾ ഇവ‍ർ സന്തോഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിനുകൾ ഒന്നും മധ്യപ്രദേശ് വഴി പോകുന്നില്ല. ഇതോടെ നാട്ടിലെത്താനുള്ള വഴിയടഞ്ഞു. 

സ്വകാര്യ ബസ് ഒരുക്കി കേരളത്തിൽ എത്താൻ ശ്രമിച്ചിരുന്നു. എന്നാൽ 25 പേർക്ക് യാത്ര ചെയ്യാവുന്ന ബസിന് മൂന്ന് ലക്ഷം രൂപയയാണ് ബസ് ഓപ്പറേറ്റർമാർ ആവശ്യപ്പെട്ടത്. സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർക്കും മെയിൽ അയച്ചിരുന്നെങ്കിലും അനുകൂല മറുപടിയൊന്നും കിട്ടിയില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

ഉത്തർപ്രദേശിലെ ലക്നൗവിൽ പ്രൊജക്ട് ട്രെയിനിങ്ങിനെത്തിയ മലയാളി വിദ്യാർത്ഥിനിയും കുടുങ്ങിക്കിടക്കുകയാണ്. എംജി സർവ്വകലാശാലയ്ക്ക് കീഴിലുള്ള സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയായ പ്രീന എസ് പാർവ്വതി മൂന്ന് മാസം മുന്പാണ് പ്രൊജക്ടിന്റെ ഭാഗമായി ലക്നൗവിലെത്തിയത്. ജൂൺ മൂന്നിന് സർവ്വകലാശാല പരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തു. അതേ സമയം ദില്ലിയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുമായുള്ള ട്രെയിൻ നാളെ പുറപ്പെടും. ദില്ലിയിൽ വിവിധ ആവശ്യങ്ങൾക്കെത്തി കുടുങ്ങിയവരും ഈ ട്രെയിനിൽ ഉണ്ടാകും