മുംബൈ:: ഗുജറാത്തിൽ മലയാളി പൊലിസ് ഉദ്യോഗസ്ഥയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ എസിപി ആയ തൃശൂർ സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അവാഡിനും കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 778 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗികളുടെ എണ്ണം  6427ആയി.

ഗുജറാത്തിൽ ആകെയുള്ള 2624 രോഗികളിൽ 63 ശതമാനവും അഹമ്മദാബാദിലാണ്.  രോഗബാധിതമേഖലയിൽ ജോലി ചെയ്ത മഹിളാ സെൽ എസിപിയായ മിനി ജോസഫിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇപ്പോഴത്തെ തോതിൽ ഒരു മാസം കൊണ്ട് മുംബൈയിൽ രോഗികളുടെ എണ്ണം 60000 കടക്കുമെന്നാണ് നിഗമനം. മെയ് പകുതിയോടെ നഗരത്തിൽ 3000 ഐസിയു ബൈഡുകൾ കൂടി തയാറാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

കൊവിഡ് സ്ഥിരീകരിച്ച ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര അവാഡിനെ താനെയിൽ നിന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥരും പാചകക്കാരുമടക്കം മന്ത്രിയുടെ ഒപ്പമുള്ള 15 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിലെ കൊവിഡ് ഡിസാസ്റ്റർ കൺട്രോൾ റൂമിലെ മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഐസിഎംആർ സംസ്ഥാനത്തിന് കൊവിഡ് ചികിത്സയ്ക്ക് പ്ലാസ്മാ തെറാപ്പി നടത്താൻ അനുമതി നൽകിയെങ്കിലും രോഗം ഭേദമായ രണ്ട് പേർ മാത്രമാണ് ബ്ലഡ് പ്ലാസ്മ നൽകാൻ തയാറായത്.

Read Also: കൊവിഡ് നൽകുന്നത് സ്വയം പര്യാപ്തതയുടെ പാഠമെന്ന് മോദി: ഇ- ഗ്രാം സ്വരാജ് ആപ്പ് പുറത്തിറക്കി