കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താൻ ഖര്‍ഗെ, പ്രവര്‍ത്തകസമിതിയില്‍ ഉന്നയിച്ചത് മൂന്ന് ചോദ്യങ്ങള്‍
വരാനിരിക്കുന്ന നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ താഴേത്തട്ടിലെ പ്രവർത്തനം സജീവമാക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസിന്‍റെ വിശാല പ്രവർത്തകസമിതിയോഗം ഹൈദരാബാദിൽ

ഹൈദരാബാദ്:വരാനിരിക്കുന്ന നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ താഴേത്തട്ടിലെ പ്രവർത്തനം സജീവമാക്കാൻ തന്ത്രങ്ങൾ മെനയുന്ന കോൺഗ്രസിന്‍റെ വിശാല പ്രവർത്തകസമിതിയോഗം ഹൈദരാബാദിൽ തുടരുകയാണ്. കോൺഗ്രസിന്‍റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മൂന്ന് ചോദ്യങ്ങളാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് പ്രവർത്തസമിതി അംഗങ്ങൾക്ക് മുന്നിൽ വച്ചത്.
ഒന്ന്, മണ്ഡല, ബ്ലോക്ക്, ജില്ലാ തല സമിതികൾ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടന്നുവോ?
രണ്ട്, ജനങ്ങളിലേക്ക് എത്താൻ കൃത്യം ആസൂത്രണങ്ങളോടെ പ്രചാരണപരിപാടികൾ നിങ്ങൾ നടത്തിത്തുടങ്ങിയോ?
മൂന്ന്, നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർഥികളെ കണ്ടെത്താനുള്ള ആദ്യഘട്ട ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞോ?
മാധ്യമങ്ങളോട് പാർട്ടിക്ക് ദോഷം വരുന്ന തരത്തിൽ സംസാരിക്കരുതെന്നും, സംഘടനയുടെ കെട്ടുറപ്പാണ്, വ്യക്തികളല്ല പ്രധാനമെന്നും ഖർഗെ പ്രാദേശിക ഘടകങ്ങളോട് പറഞ്ഞു.അതേസമയം, ഇന്നലെ ചേർന്ന പ്രവർത്തകസമിതിയിൽ രാഹുൽ ഗാന്ധിയോട് കേരളത്തിൽ നിന്ന് തന്നെ മത്സരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. ദളിത് വിഭാഗത്തിന് സംഘടനാ തലത്തിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടതായും കൊടിക്കുന്നിൽ പറഞ്ഞു. ഇന്ന് രാവിലെ കേരളത്തിൽ നിന്നുള്ള പ്രവർത്തകസമിതി അംഗങ്ങൾ എ കെ ആന്‍റണിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കേരളത്തിലെ രാഷ്ട്രീയസാഹചര്യമായിരുന്നു യോഗത്തിൽ ചർച്ചയായത്.
ഇന്നലെ സംവരണപരിധി ഉയർത്തണമെന്നും, വനിതാസംവരണബിൽ പാസ്സാക്കണമെന്നും അടക്കം കോൺഗ്രസിന്‍റെ ഏറ്റവും വലിയ സംഘടനാ വേദി പ്രമേയം പാസ്സാക്കിയത് ശ്രദ്ധേയമായിരുന്നു. ഇന്ന് വൈകിട്ട് പ്രവർത്തക സമിതിക്ക് ശേഷം ഹൈദരാബാദിനടുത്തുള്ള തുക്കുഗുഡ്ഡയിൽ കോൺഗ്രസ് നടത്താനിരിക്കുന്ന മെഗാ റാലിയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കർണാടകയുടെ മാതൃകയിൽ തെലങ്കാനയ്ക്ക് വേണ്ടിയുള്ള ആറ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഇന്നത്തെ റാലിയിൽ പ്രഖ്യാപിക്കപ്പെടും.