ചെന്നൈ: മനുസ്മൃതിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് വിസികെ നേതാവ് തിരുമാവളവൻ മാപ്പ് പറയണമെന്ന് ബിജെപി നേതാവ് ഖുശ്ബു. മനുസ്മൃതിയിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് പ്രചാരണം നടത്തുന്നു. സ്ത്രീകളോടും തിരുമാവളവന് മാപ്പ് പറയണം. അംബേദ്കറിന്റെ ഭരണഘടന അനുസരിച്ചാണ് നരേന്ദ്രമോദി രാജ്യം ഭരിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് രചിച്ച മനുസ്മൃതിയിലെ കാര്യങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. ബിജെപി സ്ത്രീവിരുദ്ധ സർക്കാരെന്ന്‌ പ്രചരിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ഖുശ്ബു പറഞ്ഞു.

അതേസമയം, കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഖുശ്ബു അടക്കമുള്ള ബിജെപി പ്രവര്‍ത്തകരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. മനുസ്മൃതി വിവാദത്തിൽ തിരുമാവളന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ  പങ്കെടുത്തതിനാണ് നടപടി. കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു. ചെന്നൈ ചിദംബരത്ത് പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി. 

ലോക്സഭാ എംപിയും വിസികെ നേതാവുമായ തിരുമാവളവന് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മനുസ്മൃതിയിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ ചിദംബരത്ത് വിസികെ പ്രതിഷേധിച്ചിരുന്നു.

മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച തിരുമാളവവനെതിരെ ബിജെപി തമിഴ്നാട് ഘടകത്തിന്‍റെ പരാതിയിൽ കേസെടുത്തിരുന്നു. സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാളവന്‍റെ  പ്രസംഗം.