തിരുവണ്ണാമല സതക്കുപ്പത്തുള്ള പരശുരാമന്റെ ഭാര്യയാണ് അമുദ. ഈ ദമ്പതികളുടെ മൂന്ന് കുട്ടികളാണ് മരിച്ചത്. മരിച്ച മൂന്ന് കുട്ടികളിലൊരാൾക്ക് ഏഴ് മാസമായിരുന്നു പ്രായം
ചെന്നൈ: മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. പിഞ്ചുമക്കളെ പുഴയിലെറിഞ്ഞ് കൊന്നതിന് ശേഷം ഇതേ പുഴയിൽ ചാടി ജീവനൊടുക്കാനാണ് അമ്മ ശ്രമിച്ചത്. ഇതിനായി പുഴയിൽ ചാടിയ അമുദ എന്ന സ്ത്രീയെ നാട്ടുകാർ രക്ഷപ്പെടുത്തി. മക്കളായ നിലവരശ്, കുറലരശ്, യാസിനി എന്നിവർ മരിച്ചു.
തിരുവണ്ണാമല സതക്കുപ്പത്തുള്ള പരശുരാമന്റെ ഭാര്യയാണ് അമുദ. ഈ ദമ്പതികളുടെ മൂന്ന് കുട്ടികളാണ് മരിച്ചത്. മരിച്ച മൂന്ന് കുട്ടികളിലൊരാൾക്ക് ഏഴ് മാസമായിരുന്നു പ്രായം. മറ്റ് രണ്ട് പേർക്ക് അഞ്ചും മൂന്നും വയസായിരുന്നു പ്രായം. കുട്ടികളെ തെൻപണ്ണൈ പുഴയിലേക്ക് വലിച്ചെറിഞ്ഞ ശേഷം അമുദയും ഇതേ പുഴയിലേക്ക് ചാടുകയായിരുന്നു. എന്നാൽ അമുദയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.
നാട്ടുകാർ പുഴയിൽ മുങ്ങി തിരഞ്ഞെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. ഒടുവിൽ ഏറെ വൈകി മൂന്ന് കുഞ്ഞുങ്ങളേയും മരിച്ച നിലയിൽ നദിയിൽ നിന്ന് കണ്ടെത്തി. മൃതദേഹങ്ങൾ തിരുവണ്ണാമല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റ്‍മോർട്ടത്തിന് ശേഷം മൂന്ന് മൃതദേഹങ്ങളും സംസ്കരിച്ചു.
സംഭവത്തിൽ തണ്ടാരംപാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭർത്താവ് പരശുരാമനുമായുള്ള പ്രശ്നങ്ങളാണ് അമുദയെ പിഞ്ചുമക്കളെ കൊന്ന് ജീവനൊടുക്കാനുള്ള കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പരശുരാമനും അമുദയും കുട്ടികളും കുടുംബവീട്ടിൽ നിന്ന് വേർപെട്ട് തണ്ടാരംപാട് വന്ന് താമസമാക്കുകയായിരുന്നു. എന്നാൽ പരശുരാമനും അമുദയും തമ്മിൽ എല്ലാ ദിവസവും വഴക്കായിരുന്നുവെന്ന് അയൽക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വയനാട് പുൽപ്പള്ളിയിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി സ്വദേശി ബിജുവാണ് മരിച്ചത്. രാവിലെ 11 മണിയോടെ വീട്ടിൽ നിന്ന് പുറത്ത് പോയ ബിജുവിനെ ഉച്ചയായിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് കനത്ത മഴയായിരുന്നു. നിറഞ്ഞു കിടന്ന തോട്ടിൽ ബിജു കാൽ വഴുതി വീണതാണോയെന്നാണ് സംശയം. പുൽപ്പള്ളി പോലീസ് ഇൻക്വസ്റ്റിന് ശേഷം സുൽത്താൻ ബത്തേരി താലുക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.
