ഹരിയാനയിൽ സ്വന്തം മകൻ ഉൾപ്പെടെ നാല് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. സൗന്ദര്യമുള്ള പെൺകുട്ടികളോടുള്ള അസൂയയും നീരസവുമാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. എന്നാൽ സ്വന്തം മകനെ എന്തിന് കൊലപ്പെടുത്തി എന്നതിൽ ദുരൂഹത തുടരുന്നു.

ദില്ലി: ഹരിയാനയിൽ സ്വന്തം മകൻ ഉൾപ്പെടെ നാല് കുട്ടികളെ (മൂന്ന് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും) വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ പുതിയ കണ്ടെത്തലുമായി പൊലീസ്. കൊലപാതകത്തിന് മുൻപ് നാല് വയസുള്ള തന്റെ മകനും, സഹോദരന്റെ ഭാര്യയുടെ മകളും നൃത്തം ചെയ്യുന്ന വീഡിയോ സഹിതം ഇവർ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നുവെന്ന് കണ്ടെത്തി. 2023 ൽ റെക്കോർഡ് ചെയ്‌ത വീഡിയോയിൽ 2 കുട്ടികളും കട്ടിലിൽ നൃത്തം ചെയ്യുന്നത് കാണാം. നൃത്തം ചെയ്യുന്നത് കണ്ട് പൂനം കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതിന്റെ ശബ്ദവും വീഡിയോയിൽ കേൾക്കാമെന്ന് പൊലീസ് പറയുന്നു. ഇതിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് വാട്ടർ ടാങ്കിൽ ഇവർ പെൺകുട്ടിയായ ഇഷികയെ മുക്കിക്കൊന്നത്. തൊട്ട് പിന്നാലെ, പൂനം സ്വന്തം മകനെയും സമാന രീതിയിൽ കൊലപ്പെടുത്തി. ഇത്

ഇതിന് ശേഷം ഇക്കഴിഞ്ഞ ദിവസം പൂനം ബന്ധുവും 6 വയസുകാരിയുമായ വിധിയെ കൊലപ്പെടുത്തി. എന്നാൽ, 2021 ൽ തന്നെ വിധിയുടെ മുഖത്ത് കെറ്റിലിൽ തിളച്ച ചായ നിറച്ച് മുഖത്തേക്ക് ഒഴിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ അന്ന് പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. പിന്നീട്, പൂനം പെൺകുട്ടിയെ ഒരു ബന്ധുവിന്റെ വീട്ടിലെ സ്റ്റോർ റൂമിലേക്ക് കൊണ്ടു പോയി. ഒരു പാത്രത്തിൽ വെള്ളം നിറച്ച് മുക്കിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം, മൃതദേഹം കുട്ടിയുടെ മുത്തശ്ശി തന്നെ കണ്ടെത്താനായി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബന്ധുവായ മറ്റൊരു പെൺകുട്ടിയും ഇത് പോലെ മരണപ്പെട്ടിട്ടുണ്ട്.

പൂനം കുറ്റകൃത്യങ്ങൾ ചെയ്തത് 'ബ്യൂട്ടി കോംപ്ലക്സ്' മൂലമാണെന്നും സുന്ദരികളായ പെൺകുട്ടികളെ കാണുമ്പോൾ ഒരു തരം അസൂയയും നീരസവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. തന്നെക്കാൾ "സുന്ദരികളായി" ആരും ഉണ്ടാവാൻ പാടില്ലെന്നതാണ് പൂനത്തിന്റെ മനസ്ഥിതിയെന്നും ഇത് മൂലമാണ് ബന്ധുക്കളായ കുട്ടികളെയും തന്റെ മകനെയും കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. എന്നാൽ, സ്വന്തം മകനെ കൊലപ്പെടുത്തിയത് എന്തിനാണെന്നത് ഇപ്പോഴും വ്യക്തമല്ല.