കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാറില്‍ കായിക മന്ത്രിയായിരുന്ന മുന്‍ ഷൂട്ടിംഗ് താരം ഒളിംമ്പ്യന്‍  രാജ്യവർധൻ സിംഗ് റാത്തോഡിനെ പിന്തള്ളിയാണ് കിരണ്‍ റിജ്ജുവിന് കായിക മന്ത്രാലയത്തിന്‍റെ ചുമതല ലഭിച്ചത്. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം എന്‍ഡിഎ സര്‍ക്കാറില്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ ചുമതല കിരണ്‍ റിജ്ജുവിന്. ഒന്നാം എന്‍ഡിഎ സര്‍ക്കാറില്‍ കായിക മന്ത്രിയായിരുന്ന മുന്‍ ഷൂട്ടിംഗ് താരം ഒളിംമ്പ്യന്‍ രാജ്യവർധൻ സിംഗ് റാത്തോഡിനെ പിന്തള്ളിയാണ് കിരണ്‍ റിജ്ജുവിന് കായിക മന്ത്രാലയത്തിന്‍റെ ചുമതല ലഭിച്ചത്. 

കായിക മേഖലയില്‍ നിന്നുള്ള രണ്ട് ബിജെപി എംപിമാര്‍ ഇത്തവണ ലോക്സഭയിലെത്തിയിരുന്നു. മുന്‍ ഷൂട്ടിംഗ് താരം രാജ്യവർധൻ റാത്തോഡ്, മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എന്നിവരാണ് കായിക പാരമ്പര്യമുള്ള എംപിമാര്‍. എന്നാല്‍ ഇരുവരേയും പിന്തള്ളി കിരണ്‍റിജ്ജുവിന് മന്ത്രിസഭയില്‍ കായിമന്ത്രാലയത്തിന്‍റെ ചുമതല ലഭിച്ചത് ശ്രദ്ധേയമാണ്.

സ്കൂള്‍ കോളേജ് പഠനകാലത്ത് നാഷണല്‍ ഗെയിംസില്‍ പങ്കെടുത്തിരുന്നുവെന്നത് മാത്രമാണ് അദ്ദേഹത്തിന് കായിക വകുപ്പുമായുള്ള ബന്ധം. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. അരുണാചല്‍ പ്രദേശില്‍ നിന്നുളള ബിജെപി നേതാവായ അദ്ദേഹം കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പില്‍ സഹമന്ത്രിസ്ഥാനം വഹിച്ചിരുന്നു.