നാഗ്പൂര്‍: നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് പുരാവസ്തു ഗവേഷകന്‍ ഡോ കെ കെ മുഹമ്മദ് സന്ദര്‍ശനം നടത്തി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആര്‍ എസ് എസ് ആസ്ഥാനത്ത് എത്തിയത്. ആര്‍ എസ് എസ് സ്ഥാപകന്‍ ഡോ. കെ ബി ഹെഡ്ഗെവാറിന്‍റെ സ്മൃതി മന്ദിരവും കെ കെ മുഹമ്മദ് സന്ദര്‍ശിച്ചു. ആര്‍ എസ് എസ് സഹ്സാരകാര്യവാഹക് വി ഭാഗയ്യയോടൊപ്പമായിരുന്നു കെ കെ മുഹമ്മദ് ആസ്ഥാനത്ത് എത്തിയത്.

ആര്‍ എസ് എസിന്‍റെ പരിശീലന കേന്ദ്രവും മുന്‍ സര്‍ സംഘ്ചാലക്മാരുടെ ശവകുടീരങ്ങളും കെ കെ മുഹമ്മദ് സന്ദര്‍ശിച്ചു. ആര്‍ എസ് എസ് സഹ്സാരകാര്യവാഹക് വി ഭാഗയ്യ കെ കെ മുഹമ്മദിന് ഉപഹാരം നല്‍കി ആദരിച്ചു. ആര്‍ എസ് എസ് ആസ്ഥാന മന്ദിരം സന്ദര്‍ശിച്ചത് നല്ല അനുഭവമായിരുന്നെന്ന് കെ കെ മുഹമ്മദ് എഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. നാഗ്പൂരില്‍ ക്ലാസെടുക്കാനാണ് പോയത്. അവിടെ എത്തിയപ്പോള്‍ ആര്‍ എസ് എസ് നേതാക്കള്‍ തന്നെ ആസ്ഥാന മന്ദിരത്തിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് അവിടെ പോയി. നല്ല സ്വീകരണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ കെ കെ മുഹമ്മദ് ഉള്‍പ്പെട്ട പുരാവസ്തു ഗവേഷണ സംഘത്തിന്‍റെ കണ്ടെത്തലുകളാണ് ഭൂമി ക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുക്കാനുള്ള പ്രധാന കാരണമായി സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. ബാബര്‍ അയോധ്യയില്‍ പള്ളി നിര്‍മിക്കുന്നതിന് മുമ്പ്, അവിടെ നിര്‍മിതിയുണ്ടായിരുന്നുവെന്നാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. അയോധ്യയില്‍നിന്ന് കുഴിച്ചെടുത്ത പുരാവസ്തു ശേഖരങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് ക്ഷേത്ര സ്വഭാവമുണ്ടായിരുന്നുവെന്നും ആര്‍ക്കിയോളജിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.