ദില്ലി: കെ കെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തും. അടുത്ത മാസം ചേരുന്ന സിപിഎം പിബി യോഗത്തിലും കേന്ദ്ര കമ്മിറ്റി യോഗത്തിലും ഇക്കാര്യം ഉന്നയിക്കാനാണ് സിപിഎം കേന്ദ്ര നേതൃത്വത്തിലെ ചിലരുടെ തീരുമാനം. കെ കെ ശൈലജയെ ഉൾപ്പെടുത്തും എന്ന സൂചനകളാണ് തുടക്കത്തിൽ കിട്ടിയിരുന്നതെന്ന് നേതാക്കൾ പറയുന്നു. തിരുത്തലിന് ഇനി സാധ്യത ഇല്ലെങ്കിലും ഇക്കാര്യത്തിലുള്ള വിയോജിപ്പ് പിബി സിസി യോഗങ്ങളിൽ പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്ന് ചില നേതാക്കൾ വ്യക്തമാക്കി. 

അതേ സമയം കേരളത്തിൽ പുതുമുഖങ്ങളെ കൊണ്ട് വന്നത് ചൂണ്ടിക്കാട്ടി ബംഗാൾ ത്രിപുര ഘടകങ്ങളിലും മാറ്റങ്ങൾ ആവശ്യപ്പെടാനാണ് സംസ്ഥാന നേതാക്കളുടെ നീക്കം

പഴയ ടീമിനെ മുഴുവനായി മാറ്റുകയെന്നത് സംസ്ഥാന കമ്മിറ്റി ഏക കണ്ഠമായി എടുത്ത തീരുമാനമെന്നാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. റിയാസിനെ മന്ത്രിയാക്കിയതിനെ പറ്റിയും ചോദ്യങ്ങൾ ഉയരും. ദേശീയ തലത്തിൽ സിപിഎമ്മിനെതിരെ ആരോപണങ്ങൾ ഉയരാനുള്ള സാധ്യത നിലനിൽക്കെയാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona