ദില്ലി: ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെല്ലാം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുക്കുകയാണ്. ലോക് സഭയെ ഒന്നടങ്കം അമ്പരപ്പിക്കുന്നതായിരുന്നു കേരളത്തില്‍ നിന്നുള്ള എം പി കൊടിക്കുന്നില്‍ സുരേഷിന്‍റെ സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ രണ്ടാമനായാണ് കൊടിക്കുന്നില്‍ സത്യപ്രതിജ്ഞയ്ക്കെത്തിയത്.

മലയാളത്തിലോ, ഇംഗ്ലിഷിലോ ഉള്ള സത്യപ്രതിജ്ഞയാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഹിന്ദിയിലായിരുന്നു കൊടിക്കുന്നില്‍ സത്യപ്രതിജ്ഞ ചെയ്തത്. ലോക് സഭയില്‍ നിറഞ്ഞ കയ്യടിയാണ് ഇതിന് ലഭിച്ചത്. 17-ാം ലോക്‌സഭയിലെ ഏറ്റവും മുതിര്‍ന്ന എം.പിയാണ് മാവേലിക്കരക്കാരുടെ പ്രതിനിധി.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേരളത്തില്‍ നിന്നുള്ള എം പിയുടെ ഹിന്ദിയിലെ സത്യപ്രതിജ്ഞയെന്നത് ശ്രദ്ധേയമാണ്.