ദില്ലി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ച ഒരുമാസത്തെ സമയപരിധി ഇന്നവസാനിച്ചിരിക്കുകയാണ്. എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും രാഹുലിന് പകരം മറ്റൊരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. രാഹുൽ ഗാന്ധിക്ക് പകരക്കാരനെ കണ്ടെത്താൻ കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറയുന്നു. നെഹ്റു കുടുംബാംഗം തന്നെ കോൺഗ്രസിനെ നയിക്കണമെന്നാണ് പൊതുവികാരമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. 

ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് തൊട്ടുപിന്നാലെ കഴിഞ്ഞ 25 ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാനുള്ള സന്നദ്ധത രാഹുല്‍ പ്രഖ്യാപിച്ചത്. പിന്‍ഗാമിയെ കണ്ടെത്താന്‍ ഒരു മാസത്തെ സമയപരിധിയും നല്‍കി. എന്നാല്‍ നേതൃത്വം ഇരുട്ടില്‍ തപ്പുകയാണ്.

പാര്‍ട്ടിക്കുള്ളില്‍ ഇതിനോടകം പല ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടിട്ടില്ല. അടുത്തയാഴ്ച ചേരുന്ന പ്രവര്‍ത്തക സമിതിയോഗം വീണ്ടും രാഹുലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് നീക്കം. അധ്യക്ഷ പദവി ഒഴിച്ചിട്ട്  വര്‍ക്കിംഗ് പ്രസിഡന്‍റിനെ നിയോഗിക്കുന്നതിനെ കുറിച്ച് ആലോചനകളുണ്ടെന്നാണ് അറിയുന്നത്. പാര്‍ട്ടി പുനസംഘടന തീരുമാനങ്ങളുടെ ഭാഗമാകുന്നതിനാല്‍ അധ്യക്ഷ പദവിയില്‍ രാഹുല്‍ തുടരുമെന്ന  പ്രതീക്ഷ നേതാക്കള്‍ക്കുണ്ട്. സമയപരിധി ഇന്നവസാനിക്കുന്ന സാഹചര്യത്തില്‍ രാഹുലിന്‍റെ തുടര്‍പ്രതികരണം എന്തായിരിക്കുമെന്നതും നിര്‍ണ്ണായകമാണ്.