Asianet News MalayalamAsianet News Malayalam

ബം​ഗാൾ സംഘർഷവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പരി​ഗണിക്കുന്നു; ഓക്സിജനായി മോദിക്ക് മമതയുടെ കത്ത്

ബംഗാളിലെ രാഷ്ട്രീയ സംഘർഷങ്ങളെ സംബന്ധിച്ച് 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നാലംഗ സംഘത്തോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.  ഇന്നലെ ബംഗാളിൽ എത്തിയ സംഘം ഇന്ന്  ഗവർണറുമായി കൂടിക്കാഴ്‌ച നടത്തി. ചീഫ് സെക്രട്ടറി, പൊലീസ്    ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ നിന്ന് കൂടി  വിവരം തേടിയാകും സംഘം റിപ്പോർട്ട് സമർപ്പിക്കുക. 

kolkata high court is considering a petition related to the bengal post poll violence
Author
Kolkata, First Published May 7, 2021, 3:15 PM IST

കൊൽക്കത്ത: പശ്ചിമബം​ഗാളിന് ഓക്സിജൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 
ദിവസം 550 മെട്രിക് ടൺ ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

അതിനിടെ, പശ്ചിമബം​ഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പരക്കെയുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട ഹർജി കൊൽക്കത്ത ഹൈക്കോടതി പരി​ഗണിക്കുകയാണ്. അഞ്ചംഗ ബഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാലം​ഗ സംഘത്തെ അന്വേഷണത്തിനായി ബം​ഗാളിലേക്ക് അയച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബം​ഗാളിലെത്തിയിരിക്കുന്നത്. ബംഗാളിലെ രാഷ്ട്രീയ സംഘർഷങ്ങളെ സംബന്ധിച്ച് 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നാലംഗ സംഘത്തോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.  ഇന്നലെ ബംഗാളിൽ എത്തിയ സംഘം ഇന്ന്  ഗവർണറുമായി കൂടിക്കാഴ്‌ച നടത്തി. ചീഫ് സെക്രട്ടറി, പൊലീസ്    ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ നിന്ന് കൂടി  വിവരം തേടിയാകും സംഘം റിപ്പോർട്ട് സമർപ്പിക്കുക. പശ്ചിമബംഗാൾ സർക്കാരിനോടും  റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സർക്കാർ ഇതുവരെയും ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടില്ല. അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം വീണ്ടും നോട്ടീസ് അയച്ചിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപി- തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകർ തമ്മിലാണ് വിവിധയിടങ്ങളിൽ സംഘർഷമുണ്ടായത്. തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ 14 പ്രവർത്തകർ കൊല്ലപ്പെട്ടു എന്നാണ് ബിജെപി ആരോപിക്കുന്നത്. കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ കാറിന് നേരെയും കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. സംഘർഷം നടന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു ഇത്. മുരളീധരന്‍ ആക്രമിക്കപ്പെട്ടതില്‍ മമതാ ബാനര്‍ജിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി  പ്രകാശ് ജാവ്‌ദേക്കർ രം​ഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ആശിര്‍വാദത്തോടെയാണ് അക്രമം നടന്നത്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. കുറ്റവാളികളെ നിയമത്ത മുമ്പിൽ കൊണ്ടുവരാൻ പ്രത്യേക നടപടി സ്വീകരിക്കണം എന്നും  പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു. വെസ്റ്റ് മിഡ്നാപൂരില്‍ വച്ചാണ് വി മുരളീധരന്‍റെ വാഹനത്തിന് നേരെ ആക്രമണം നടന്നത്. വാഹനത്തിന്‍റെ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. തന്നെ ആക്രമിച്ചത് തൃണമൂല്‍ ഗുണ്ടകളാണെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണവും. ബംഗാളിൽ അങ്ങേയറ്റത്തെ അരാജകത്വമാണ് നടക്കുന്നതെന്ന് ബംഗാളിൽ നിന്ന് തിരിച്ചെത്തിയ വി മുരളീധരൻ ദില്ലിയിൽ  പറഞ്ഞു.

ഇതിനിടെ മാധ്യമ പ്രവർത്തകനായ അബ്റോ ബാനർജിയുടെ ചിത്രം കൊല്ലപ്പെട്ട പ്രവർത്തകനെന്ന പേരിൽ ബിജെപി  പുറത്തുവിട്ടത് വിവാദമായി.
വ്യാജ പ്രചരണത്തിന് നിയമ നടപടി സ്വീകരിക്കുമെന്ന് കൊൽക്കത്ത പോലീസ് പ്രതികരിച്ചു. എന്നാൽ ഇത് സാങ്കേതിക പിഴവ് ആണെന്നാണ് ബിജെപി വിശദീകരണം. അതേസമയം ബംഗാളിൽ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞാ തുടരുകയാണ്. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചർച്ചകൾ തൃണമൂൽ കോൺഗ്രസിലും നടക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios