കോവിഡ് 19: ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി, കെജ്രിവാള്‍  മോദിയെ കണ്ടു

ദില്ലി: കേരളത്തില്‍ നിയന്ത്രണവിധേയമായ ശേഷം വീണ്ടും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസില്‍ ആശങ്കയോടെ രാജ്യം. സ്ഥിതിഗതികള്‍ വിലയിരുത്തനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിപുലമായ യോഗം വിളിച്ചു. വിവിധ മന്ത്രാലയങ്ങളുടേയും സംസ്ഥാനങ്ങളുടേയും യോഗം വിളിച്ച് കോവിഡ് 19 പ്രതിരോധ നടപടികള്‍ വിശദമായി ചര്‍ച്ച ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. രോഗ പ്രതിരോധത്തിനായി വിവിധ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ മികച്ച ഏകോപനത്തോടെ മുന്നോട് പോകുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഇന്നു രാവിലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ‍്‍രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചിരുന്നു. ദില്ലി കലാപവും കോവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇരുവരുടേയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചന. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് അരവിന്ദ് കെജ്രിവാള്‍ മോദിയെ സന്ദര്‍ശിക്കുന്നത്. പാര്‍ലമെന്‍റില്‍ എത്തി രാവിലെ 11 മണിയോടെയാണ് കെജ‍്‍രിവാള്‍ മോദിയെ കണ്ടത്. 

കോവിഡ് 19 രോ​ഗബാധിതരെന്ന് സംശയിക്കുന്ന ആ​ഗ്രയിലെ ആറ് പേരെ ദില്ലി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റും.നോയിഡയിൽ കോവിഡ് 19 ബാധിച്ചയാളുമായി സന്പർക്കത്തിൽ ഏ‌ർപ്പെട്ട 31 പേർ നീരീക്ഷണത്തിൽ. മുൻകരുതലിന്റെ ഭാഗമായി കുട്ടി പഠിക്കുന്ന സ്വകാര്യ സ്കൂൾ താൽക്കാലികമായി അടച്ചു. ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ‍ർ സ്ഥലത്ത് എത്തി പരിശോധനകൾ തുടങ്ങി. നോയിഡയിൽ രോഗബാധിതനായ വ്യക്തിയുടെ കുട്ടിയുടെ ജന്മദിനാഘോഷത്തിൽ സഹപാഠികളും മതാപിതാക്കളും ഉൾപ്പടെ 25 പേര്‍ പങ്കെടുത്തിരുന്നു. ഇവരെ 14 ദിവസത്തേക്ക് നീരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. 

ഇതുവരെ ആർക്കും രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയിട്ടില്ലെന്നും രക്തസാന്പിളുകൾ പരിശോധനക്ക് അയച്ചെന്നും നോയിഡ് ചീഫ് മെഡിക്കൽ ഓഫീസർ‍ അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയ്ക്കാണ് സ്കൂൾ താൽക്കാലികമായി അടച്ചത്. കൂടാതെ നോയിഡ സ്വദേശിക്ക് ഒപ്പം സഞ്ചരിച്ച ആഗ്ര സ്വദേശികളിൽ വൈറൽ ബാധയെന്ന സംശയത്തെ തുടർന്ന് നീരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇറ്റലിയിൽ നിന്നുള്ള യാത്രയിലാണ് നോഡിയ സ്വദേശി രോഗബാധിതനായത്.

ഹൈദരാബാദിൽ കോവിഡ് ബാധ സ്ഥീരീകരിച് വ്യക്തി് ബംഗൂരുവിൽ നിന്ന് നാട്ടിലേക്ക് സഞ്ചരിച്ച ബസിലെ 27 പേർ നിരീക്ഷണത്തിലാണ്. രോഗിയുടെ മറ്റ് യാത്രാ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. നിലവിൽ ഹൈദരാബാദ് ഗാന്ധി ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലാണ് ഇദ്ദേഹത്തിന് ചികിത്സ നൽകുന്നത്. ഇന്നലെയാണ് തെലങ്കാന നോയിഡ സ്വദേശികൾക്ക് കോവിഡ് 19 ബാധ സ്ഥീരീകരിച്ചത്.