Asianet News MalayalamAsianet News Malayalam

കോഴിക്കോട് ഇരട്ട സ്ഫോടനം; തടിയന്‍റെവിട നസീറിനെയും ഷിഫാസിനെയും വെറുതെ വിട്ടതിനെതിരായ ഹർജിയിൽ നോട്ടീസ്

 മാപ്പുസാക്ഷി ഷമ്മി ഫിറോസിന്‍റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് വിചാരണക്കോടതി പ്രതികളെ ശിക്ഷിച്ചതെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ.

Kozhikode double blast case Notice on the petition against the acquittal of thadiyantavida Nazeer and Shifas
Author
First Published Nov 17, 2022, 2:31 PM IST

ദില്ലി:  ഇരട്ട സ്ഫോടന കേസിൽ ഒന്നാം പ്രതി തടിയന്‍റെവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേരള ഹൈക്കോടതി വിധിക്കെതിരെ എൻ ഐ എ നൽകിയ ഹർജിയില്‍ ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവർ അടങ്ങിയ സുപ്രീം കോടതി  ബെഞ്ചാണ് നോട്ടീസ് അയച്ചത്.

കേസിൽ തടിയന്‍റെവിട നസീറിനും ഷിഫാസിനും വിചാരണ കോടതി ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരുന്നത്. എന്നാൽ, കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് സംശയാതീതമായി തെളിയിക്കാൻ എൻ ഐ എയ്ക്ക് കഴിഞ്ഞില്ലെന്നായിരുന്നു ഹൈക്കോടതി നീരീക്ഷിച്ചത്. മാപ്പുസാക്ഷി ഷമ്മി ഫിറോസിന്‍റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് വിചാരണക്കോടതി പ്രതികളെ ശിക്ഷിച്ചതെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. ഇതേ തുടര്‍ന്നാണ് ഇരുവരുടെയും ശിക്ഷ ഇളവ് ചെയ്ത് വെറുതെ വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. 

2009 വരെ ക്രൈംബ്രാഞ്ചാണ് കോഴിക്കോട് ഇരട്ട സ്ഫോടന കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍, 2010 -ല്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവനുസരിച്ച് എന്‍ ഐ എ അന്വേഷണ ചുമതല ഏറ്റെടുത്തു. എന്‍ ഐ എ കോടതിയാണ് ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. എന്നാല്‍, കുറ്റം സംശയാതീതമായി തെളിയിക്കാന്‍ എന്‍ ഐ എയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ ഹൈക്കോടതി ഇരുവരെയും വെറുതെ വിടുകയായിരുന്നു. ഇതിനെതിരെയാണ് എന്‍ ഐ എ സുപ്രീം കോടതിയെ സമീപിച്ചത്. 

ഇരുവര്‍ക്കുമെതിരെ സാക്ഷിമൊഴിയും അതോടൊപ്പം ടെലിഫോൺ രേഖകളും തെളിവായി ഉണ്ടെന്ന് എൻ ഐ എയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ ഐശ്വര്യ ഭട്ടി സുപ്രീം കോടതിയിൽ വാദിച്ചു. ഇക്കാര്യം പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ ഐ എ സുപ്രീം കോടതിയെ സമീപിച്ചത്.  2006 മാര്‍ച്ച് 3 -ന് കോഴിക്കോട് മൊഫ്യൂസല്‍ ബസ്റ്റാന്‍റിലും കെ .എസ് ആർ ടി സി ബസ് സ്റ്റാന്‍റിലുമായി ഇരട്ട  സ്ഫോടനങ്ങള്‍ നടക്കുന്നത്. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍റില്‍ സ്ഫോടനം നടന്ന് 15 മിനിറ്റുകള്‍ക്കുള്ളില്‍ മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ലും സ്ഫോടനം നടന്നു. സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. 

Follow Us:
Download App:
  • android
  • ios