തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ ആഞ്ഞടിച്ച് കെ എസ് ശബരീനാഥന്‍ എംഎല്‍എ. ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്കത്തിലെ ഒരു വരി തന്നെ അതിശയിപ്പിച്ചു എന്നാണ് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സാധാരണ കോർപ്പറേറ്റ് കമ്പനികളിൽ ജോലി ചെയ്യുന്ന ആളുകൾ മെച്ചപ്പെട്ട സ്ഥാനത്തിനും ശമ്പളത്തിനുമായി പുതിയ കമ്പനിയിലേക്ക് ചേക്കേറുമ്പോൾ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് 'മൂവ് ഓണ്‍'.

ഈ നാടിന്റെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും പോറൽ ഏറ്റിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്വന്തം വ്യക്തി ലാഭത്തിനുവേണ്ടിമാത്രം ആത്‌മാവ്‌ വിറ്റ് 'മൂവ് ഓണ്‍' ചെയ്യുന്ന നേതാക്കള്‍ രാഷ്ട്രീയത്തിന് കളങ്കമാണ്. മകൻ സിന്ധ്യക്ക് ചരിത്രം നൽകുന്ന സ്ഥാനം ഇതായിരിക്കുമെന്നും ശബരീനാഥന്‍ പറഞ്ഞു.

പാർട്ടി നേതൃത്വം ആപൽക്കരമായ ഈ നിസ്സംഗത വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്‍റെയും ഗാന്ധി കുടുംബത്തിന്‍റെയും വിശ്വസ്ത നേതാക്കളിലൊരാളായിരുന്നു സിന്ധ്യ. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സിന്ധ്യയാണ്. എന്നാല്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥാണ് മുഖ്യമന്ത്രിയായത്. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിന്ധ്യ തോല്‍ക്കുകയും ചെയ്തു.

തുടര്‍ന്നാണ് പാര്‍ട്ടിയില്‍ കമല്‍നാഥ്-സിന്ധ്യ പോരാട്ടം കനക്കുന്നത്. കമല്‍നാഥ് പിസിസി അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് വഹിക്കുന്നതിനെ സിന്ധ്യ എതിര്‍ത്തിരുന്നു. രാജ്യസഭ എംപി സ്ഥാനത്തെ ചൊല്ലിയും തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെയിലാണ് സിന്ധ്യയുടെ അപ്രതീക്ഷിത രാജി.