ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബൈക്ക് റോഡിന് മധ്യഭാഗത്തേക്ക് എത്തിച്ചത് മറ്റൊരു ബസാണ്. ഈ ബസാണ് ബൈക്ക് റോഡിന് നടുവിലേക്കും പിന്നാലെ അപകടത്തിൽപ്പെട്ട ബസിന് മുന്നിലേക്കും എത്തിച്ചത്

കർണൂൽ: ആന്ധ്രാപ്രദേശിലെ കർണൂലിൽ സ്വകാര്യ ബസിന് തീപിടിച്ച് 12 പേർ മരിച്ച സംഭവത്തിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ഒക്ടോബർ 24, വെള്ളിയാഴ്ചയാണ് ചിന്നത്തേക്കൂറിന് സമീപത്ത് വച്ച് സ്വകാര്യ ബസ് ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് കത്തിയമർന്നത്. ഈ സമയത്ത് ഇത് വഴിയിലൂടെ കടന്ന് പോയ ഒമ്നി ബസിന്റെ ഡ്രൈവറെയാണ് പൊലീസ് തെരയുന്നത്. സംഭവത്തിൽ ഉൾപ്പെട്ട ബൈക്ക് റോഡിന്റെ മധ്യത്തിലേക്ക് എത്തിക്കാൻ കാരണമായത് ഈ ബസ് ആണെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവിടെ നിന്നാണ് കാവേരി ട്രാവൽസിന്റെ ഹൈദരാബാദ്-ബെംഗളൂരു ബസ് ബൈക്കിൽ ഇടിച്ചത്. 

ബൈക്ക് 300 മീറ്ററോളം സ്വകാര്യ ബസ് റോഡിൽ കൂടി വലിച്ചിഴച്ചതിന് പിന്നാലെയാണ് ബസിൽ തീ പിടിച്ചത്. തീപിടുത്തത്തിൽ 19 യാത്രക്കാർ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. ബസിന്‍റെ എസി പ്രവർത്തിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന രണ്ട് ബാറ്ററികൾ പൊട്ടിത്തെറിച്ചതും ബൈക്കിന്റെ പെട്രോൾ ടാങ്കിന് തീ പിടിച്ചതും ഇതിനൊപ്പം കൊറിയറായി അയച്ച 243 മൊബൈൽ ഫോണുകളുമാണ് അപകടത്തിന്റെ തോത് കൂട്ടിയത്.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബസ് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിൽ പൊലീസ്

ബൈക്ക് യാത്രികനായ ശിവശങ്കർ മദ്യപിച്ചിരുന്നതായും ഇയാൾ അപകടത്തിൽപ്പെട്ടതായുമാണ് പൊലീസ് വിശദമാക്കുന്നത്. അപകട സമയത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സംഭവ സമയത്ത് 14 വാഹനങ്ങൾ ഇതിലൂടെ കടന്ന് പോയിട്ടുണ്ട്. മറ്റൊരു ബസാണ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബൈക്ക് റോഡിന് നടുവിലേക്ക് എത്തിച്ചത്. ഈ ബൈക്കിലാണ് കാവേരി ട്രാവൽസ് ബസ് ഇടിച്ചതും അഗ്നിഗോളമായതും. 15ാമതായി റോഡിലൂടെ കടന്ന് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ രണ്ട് പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. കാവേരി ബസിലെ ഡ്രൈവറും ഉടമയും അടക്കമാണ് ഇത്. അഗ്നിക്കിരയായ ബസിൽ നിന്ന് ആളുകളെ പുറത്തെത്തിക്കാൻ സഹായിച്ച രണ്ടാമത്തെ ഡ്രൈവർക്കെതിരെ കേസ് എടുത്തിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം