ആന്ധ്രാ പ്രദേശിലെ കുർണൂലിൽ 19 പേരുടെ മരണത്തിനിടയാക്കിയ ബസ് തീപിടിത്തത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ബസിലുണ്ടായിരുന്ന 234 സ്മാർട്ട് ഫോണുകളുടെ ബാറ്ററികൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായി ഫോറൻസിക് വിദഗ്ധർ സംശയിക്കുന്നു.
ഹൈദരബാദ് : ആന്ധ്രാ പ്രദേശിലെ കുർണൂലിൽ ബസ് തീപിടിച്ച് കത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക വിവരങ്ങൾ പുറത്ത്. വിതരണത്തിനായി കൊണ്ടുപോകുകയായിരുന്ന 234 സ്മാർട്ട് ഫോണുകൾ ബസിലുണ്ടായിരുന്നുവെന്നും ഇതിന്റെ ബാറ്ററികൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നുമാണ് ആദ്യ പരിശോധനയിൽ പുറത്ത് വരുന്ന വിവരം. തീ പടർന്ന് പിടിച്ചതോടെ ഈ ഫോണുകളുടെ ബാറ്ററികളും പൊട്ടിത്തെറിച്ചു. ഇതോടെ അപകടത്തിന്റെ വ്യാപ്തി വർധിച്ചുവെന്നാണ് ഫോറൻസിക് വിദഗ്ധരുടെ സംശയം. 19 യാത്രക്കാരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
46 ലക്ഷം രൂപ വിലമതിക്കുന്ന ഫോണുകൾ ഹൈദരാബാദിലെ മംഗനാഥ് എന്ന വ്യവസായി ബെംഗളൂരുവിലെ ഒരു ഇ-കൊമേഴ്‌സ് കമ്പനിയിലേക്ക് കൊറിയർ അയച്ചതായിരുന്നു. ഇവിടെ നിന്നും കസ്റ്റമേഴ്സിന് വിതരണം ചെയ്യേണ്ടതായിരുന്നു ഫോണുകൾ. തീ പടർന്നപ്പോൾ ഫോണുകളിലെ ബാറ്ററികൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.
സ്മാർട്ട് ഫോൺ പൊട്ടിത്തെറിക്കൊപ്പം, ബസിലെ എയർ കണ്ടീഷനിൽ ഉപയോഗിച്ച ഇലക്ട്രിക് ബാറ്ററികളും അപകടത്തിന്റെ വ്യാപ്തി കൂട്ടാൻ കാരണമായിട്ടുണ്ടാകുമെന്നാണ് പരിശോധന നടത്തിയ ആന്ധ്രാപ്രദേശ് ഫയർ സർവീസസ് ഡയറക്ടർ ജനറൽ പി. വെങ്കടരമണൻ പറയുന്നത്. ബസിനുള്ളിലെ അലുമിനിയം ഷീറ്റുകൾ പോലും ഉരുകിപ്പോയ നിലയിലായിരുന്നു. ബസിന്റെ മുൻഭാഗത്ത് ഇന്ധന ചോർച്ച ഉണ്ടായതാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമികമായ നിഗമനം. അപകടത്തിൽ ഒരു ബൈക്ക് ബസിനടിയിൽ കുടുങ്ങിയതോടെ റോഡിലുരഞ്ഞ് തീപ്പൊരിയുണ്ടായി. ഇതോടെ തീ പെട്ടന്ന് പടർന്നുപിടിച്ചു. സ്‌മാർട്ട്‌ഫോൺ ശേഖരത്തിന്റെ ബാറ്ററികൾ പൊട്ടിത്തെറിച്ചത് കൂടിയായതോടെ തീ അതിവേഗം ആളിപ്പടർന്ന് ബസ് മുഴുവൻ വ്യാപിച്ചുവെന്നാണ് വിലയിരുത്തലെന്നും ഫയർ സർവീസസ് ഡയറക്ടർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം



