പരീക്ഷാ കേന്ദങ്ങളിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ രാജധാനി എക്സ്പ്രസിന് നേര്‍ക്ക് കല്ലെറിഞ്ഞു.
പട്ന: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ നടക്കുന്ന സെന്‍ററുകളിലേക്ക് ട്രെയിനുകള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബിഹാറില്‍ ഉദ്യോഗാര്‍ത്ഥികള്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞു. ഗുവാഹത്തിയില്‍ നിന്നും ദില്ലിയിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസിനാണ് നൂറോളം ആളുകള്‍ കല്ലെറിയുകയും റെയില്‍വേ ട്രാക്കും റോഡും ഉപരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
ശനിയാഴ്ച ഹാജിപുരിലാണ് സംഭവമുണ്ടായത്. ബിഹാര്‍ പൊലീസിലെ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളായ ബേട്ടിയ, മോത്തിഹാരി എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാന്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാതിരുന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ ട്രെയിനിന് കല്ലെറിയുകയും റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡുകള്‍ ഉപരോധിക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. റെയില്‍വേ സ്റ്റേഷനിലെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിക്കും തിരക്കും മൂലം ട്രെയിനില്‍ കയറാന്‍ സാധിക്കാതെ വന്നതോടെ ട്രെയിനിന്‍റെ ജനാല വഴിയും മറ്റും ഇവര്‍ അകത്തേക്ക് കയറാന്‍ നോക്കുകയും ജനല്‍ക്കമ്പിയില്‍ തൂങ്ങിക്കിടക്കുകയും ചെയ്യുകയായിരുന്നു.
Read More: കൊൽക്കത്ത തുറമുഖത്തിന് ശ്യാമപ്രസാദ് മുഖർജിയുടെ പേര് പ്രഖ്യാപിച്ച് മോദി
