ലേ ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് ലഡാക്ക് ഫെസ്റ്റിവൽ റദ്ദാക്കി. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ കർഫ്യൂ ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്.
ശ്രീനഗർ: സഞ്ചാരികളുടെ പറുദീസയായ ലേ ലഡാക്കിലേയ്ക്ക് യാത്ര പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. സെപ്റ്റംബർ 24 ബുധനാഴ്ച, ലേയിൽ വൻ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രകടനക്കാർ പൊലീസുമായി ഏറ്റുമുട്ടുകയും ഒരു ബിജെപി ഓഫീസും ഒരു പൊലീസ് വാഹനവും അഗ്നിക്കിരയാക്കുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ സംസ്ഥാന പദവിയും ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. പ്രതിഷേധങ്ങളെ തുടർന്ന് ഈ വർഷത്തെ ലഡാക്ക് ഫെസ്റ്റിവൽ റദ്ദാക്കിയിരിക്കുകയാണ്.
സംസ്കാരം, കായികം, പ്രാദേശിക കലകൾ എന്നിവയെ ആഘോഷിക്കുകയും ഇന്ത്യയിലും ലോകമെമ്പാടും നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുന്ന ഒന്നാണ് ലഡാക്ക് ഫെസ്റ്റിവൽ. സെപ്റ്റംബർ 21 ന് ആരംഭിച്ച ഫെസ്റ്റിവൽ സെപ്റ്റംബർ 24 ന് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത പങ്കെടുക്കുന്ന ചടങ്ങോടെ സമാപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് സമാപനം റദ്ദാക്കി. സ്ഥിതി കൂടുതൽ വഷളായതായും മേഖലയിൽ വ്യാഴാഴ്ച കർഫ്യൂ ഏർപ്പെടുത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.
അക്രമാസക്തമായ പ്രതിഷേധത്തെ തുടർന്ന് നാല് പേർ കൊല്ലപ്പെടുകയും 80 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ലേ അപെക്സ് ബോഡി (LAB) ലഡാക്ക് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. സംസ്ഥാന പദവിയും ഭരണഘടനാ സംരക്ഷണവും സംബന്ധിച്ച് കേന്ദ്രവുമായി ചർച്ചയ്ക്ക് സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ഔദ്യോഗികമായ യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും നിലവിൽ ഈ പ്രദേശത്തുള്ള വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ, പൊട്ടാല റോഡ്, ബിജെപി ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവ സഞ്ചാരികൾ ഒഴിവാക്കണം. പ്രതിഷേധക്കാരുടെ ആവശ്യം പരിഹരിക്കുന്നതിനായി ലഡാക്ക് പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഒക്ടോബർ 6ന് ചർച്ച നടത്താനിരിക്കുകയാണ്. ഈ ദിവസം വരെ നിങ്ങൾ ലഡാക്കിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് ഉത്തമം.
ലേയിലും പരിസരത്തും ഇപ്പോഴുള്ളവർ പ്രാദേശിക വാർത്തകളിലൂടെയും പൊലീസ് അറിയിപ്പുകളിലൂടെയും വിവരങ്ങൾ അറിയുക. ലേ, കാർഗിൽ ജില്ലകളിൽ തിരക്കേറിയ സ്ഥലങ്ങളും അത്യാവശ്യമില്ലാത്ത യാത്രകളും ഒഴിവാക്കുക. ആവശ്യമെങ്കിൽ സുരക്ഷിതമായ വഴികൾക്കോ താൽക്കാലിക അഭയകേന്ദ്രങ്ങൾക്കോ പ്രാദേശിക അധികാരികളെ ബന്ധപ്പെടുക. അന്താരാഷ്ട്ര വിനോദസഞ്ചാരികൾ അവരുടെ എംബസിയിലോ കോൺസുലേറ്റിലോ രജിസ്റ്റർ ചെയ്യണം. മൊബൈൽ അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിവരങ്ങൾ അറിയിക്കുക.


