അമേരിക്കൻ രാഷ്ട്രീയത്തിൽ തരംഗമായ 'മാഗ സുന്ദരി' എന്ന എഐ ഇൻഫ്ലുവൻസറെ സൃഷ്ടിച്ചത് ഒരു ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിനിയാണെന്ന് റിപ്പോർട്ട്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് നിർമ്മിച്ച ഈ വ്യാജ പ്രൊഫൈൽ, തിരഞ്ഞെടുപ്പുകളിൽ എഐ ഉപയോഗിച്ചുള്ള സ്വാധീനത്തിന്റെ അപകടങ്ങൾ തുറന്നുകാട്ടുന്നു. ഒടുവിൽ വഞ്ചനാപരമായ പ്രവർത്തനങ്ങളുടെ പേരിൽ ഈ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടു.

വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തിലും സാമൂഹിക മാധ്യമങ്ങളിലും പൊതിവിടങ്ങളിലും തരം​ഗം സൃഷ്ടിച്ച മാ​ഗാ സുന്ദരിക്ക് പിന്നിൽ ഇന്ത്യക്കാരിയായ യുവതിയെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. മാ​ഗ (മേക്ക് അമേരിക്ക ​ഗ്രേറ്റ് എ​ഗെയ്ൻ) എഐ ഇൻഫ്ലുവൻസർക്ക് പിന്നിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിയാണെന്ന വിവരങ്ങളാണ് പുറത്തുവന്നത്. അതിസുന്ദരിയായ അമേരിക്കൻ യുവതിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന എമിലി ഹാര്‍ട്ട് എന്ന പ്രൊഫൈൽ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് മാധ്യമ പ്രവര്‍ത്തകരുടെ അന്വേഷണത്തിൽ വ്യക്തമായി. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇൻസ്റ്റ​ഗ്രാമിൽ ഇവര്‍ക്ക് ഉണ്ടായിരുന്നത്. നഴ്‌സായി ജോലി ചെയ്യുകയാണെന്നായിരുന്നു അവകാശ വാദം. കാഴ്ചയിൽ, അവർ നടൻ ജെന്നിഫർ ലോറൻസിനോട് സാമ്യമുണ്ടായിരുന്നു.

എമിലി ഹർട്ട് എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ബിക്കിനി വേഷത്തിൽ മാ​ഗ തൊപ്പി ധരിച്ച് തോക്ക് പിടിച്ചും ബിയർ നുണഞ്ഞും ചിത്രങ്ങളോടൊപ്പം തീവ്രമായ ട്രംപ് അനുകൂല രാഷ്ട്രീയ പോസ്റ്റുകളാണ് ഇവർ പങ്കുവെച്ചത്. ഇൻസ്റ്റയിൽ ആദ്യ മാസത്തിൽ 10000 ഫോളോവേഴ്സിനെ ലഭിച്ചു. വീഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിച്ചു.

എന്നാൽ ഈ യുവതിക്ക് പിന്നിൽ പ്രവർത്തിച്ചത് 22കാരനായ ഇന്ത്യന്‍ വ്യക്തിയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. സാം (പേര് യഥാര്‍ഥമല്ല) എന്ന പേരിൽ അറിയപ്പെടുന്ന ആളാണ് പ്രൊഫൈൽ നിർമിച്ചത്. രാഷ്ട്രീയ സ്വാധീനമുണ്ടാക്കുന്നതിനേക്കാൾ ഉപരിയായി, സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് പറയുന്നു. പണമുപയോ​ഗിച്ച് യുഎസിൽ പോകാനും താമസമാക്കാനും ലക്ഷ്യമിട്ടു. ഓർത്തോപീഡിക് സർജനായി പരിശീലിക്കുകയാണ് ഇവരെന്നും റിപ്പോർട്ടിൽ പറയുന്നു. 

ക്രിസ്തുമതം, തോക്ക് സംബന്ധിച്ച പ്രശ്നങ്ങൾ, ഗർഭഛിദ്ര വിരുദ്ധ സന്ദേശങ്ങൾ, കുടിയേറ്റ വിരുദ്ധത തുടങ്ങിയ വിഷയങ്ങളിലാണ് പോസ്റ്റുകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ക്രിസ്തു രാജാവാണ്, ഗർഭഛിദ്രം കൊലപാതകമാണ്, എല്ലാ നിയമവിരുദ്ധരെയും നാടുകടത്തണം എന്ന അടിക്കുറിപ്പോടെ തോക്ക് പിടിച്ചുനിൽക്കുന്ന വേഷത്തിലും എത്തി. 

പോസ്റ്റ് ചെയ്ത ഓരോ റീലിനും ഒരുകോടി കാഴ്ചക്കാരെ വരെ ലഭിച്ചു. ഇതോടെ മികച്ച വരുമാന മാർ​ഗമാണെന്ന് തിരിച്ചറിഞ്ഞു. ദിവസത്തിൽ 30 മുതൽ 50 മിനിറ്റ് വരെയാണ് ചെലവഴിച്ചത്. ഇന്ത്യയിൽ, പ്രൊഫഷണൽ ജോലികളിൽ പോലും നിങ്ങൾക്ക് ഇത്രയും പണം സമ്പാദിക്കാൻ കഴിയില്ല. ഓൺലൈനിൽ പണം സമ്പാദിക്കാൻ ഇത്രയും എളുപ്പമുള്ള മറ്റൊരു മാർഗവും ഞാൻ കണ്ടിട്ടില്ലെന്നും വ്യക്തി പറഞ്ഞു. ഓരോ മാസവും ആയിരക്കണക്കിന് ഡോളറാണ് സമ്പാദിച്ചത്. കൂടുതൽ വ്യക്തമായ ചിത്രങ്ങൾ നിർമ്മിക്കാൻ ​ഗ്രോക് ഉപയോഗിച്ചു. ചിത്രങ്ങൾ Fanvue-ലേക്ക് അപ്‌ലോഡ് ചെയ്തു. ഇതുവഴിയും ധാരാളം പണം ലഭിച്ചു. എന്നാൽ ഫെബ്രുവരിയിൽ പിടിവീണു. വഞ്ചനാപരമായ പ്രവർത്തനങ്ങളുടെ പേരിൽ ഹാർട്ടിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്തു. WIRED അന്വേഷണം പ്രസിദ്ധീകരിച്ചതിനുശേഷം ഫേസ്ബുക്ക് പ്രൊഫൈലും നീക്കം ചെയ്തു. ഞാൻ ആളുകളെ വഞ്ചിക്കുകയാണെന്ന് തോന്നിയിട്ടില്ല. സബ്‌സ്‌ക്രൈബർമാർ ഉള്ളടക്കത്തിൽ തൃപ്തരായിരുന്നു. ഇനി തന്റെ മെഡിക്കൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പദ്ധതിയിടുന്നുവെന്നും പറഞ്ഞു.

പ്രൊഫൈലുകളിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങളിലെ ചെറിയ പിശകുകളും ഒരേ പാറ്റേണിലുള്ള പോസ്റ്റുകളും നിരീക്ഷിച്ചാണ് ഡിജിറ്റൽ വിദഗ്ധർ പ്രൊഫൈൽ വ്യാജമാണെന്ന് കണ്ടെത്തിയത്. വരാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ എഐ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ വിദേശ രാജ്യങ്ങളിൽ ഇരുന്നുപോലും ആർക്കും സാധിക്കുമെന്ന വലിയൊരു സുരക്ഷാ ഭീഷണിയാണ് ഈ സംഭവം ഉയർത്തുന്നതെന്ന് വിദ​ഗ്ധർ ചൂണ്ടിത്താട്ടി. എഐ ടൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച ഇത്തരം 'ഹോട്ട് ഗേൾ' പ്രൊഫൈലുകൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ആഗോളതലത്തിൽ തന്നെ വലിയ ആശങ്കയ്ക്ക് കാരണമാകുമെന്നും പറയുന്നു.