വാങ് ചുക്കിന്‍റെ ഭാര്യ ഗീതാഞ്ജലിയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. അതിനിടെ, മജിസ്ട്രേറ്റ് തല അന്വേഷണം സംഘടനകൾ തള്ളി.
ദില്ലി: ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ അറസ്റ്റിലായ സമര നേതാവ് സോനം വാങ് ചുക്കിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വാങ് ചുക്കിന്‍റെ ഭാര്യ ഗീതാഞ്ജലിയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. അതിനിടെ, മജിസ്ട്രേറ്റ് തല അന്വേഷണം സംഘടനകൾ തള്ളി. ലഡാക്ക് ഭരണകൂടത്തെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്. മജിസ്ട്രേറ്റ് തല അന്വേഷണം കൊണ്ട് പ്രയോജനമില്ലെന്നും സുപ്രീംകോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായി ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് സംഘടനകളുടെ വാദം. മജിസ്റ്റീരിയൽ അന്വേഷണം കൊണ്ട് അനുനയത്തിനില്ലെന്ന് കാർഗിൽ ഡെമോക്രാറ്റിക് അലൈൻസ് കെ.ഡി.എ കോ ചെയർമാൻ അസർ കർബലായി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ദേശസുരക്ഷ നിയമ പ്രകാരമാണ് സോനം വാങ് ചുക്കിനെ അറസ്റ്റ് ചെയ്തത്. കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രസംഗങ്ങളിലൂടെ ജനങ്ങളെ കേന്ദ്രസര്‍ക്കാരിനെതിരെ തിരിച്ചു, അറബ് വസന്തവും നേപ്പാള്‍ കലാപവുമൊക്കെ പരാമര്‍ശിച്ച് യുവാക്കളെ കലാപകാരികളാക്കാന്‍ ശ്രമിച്ചു, സ്റ്റുഡന്‍റ് എജ്യുക്കേഷന്‍ ആന്‍റ് കള്‍ച്ചറല്‍ മൂവ്മെന്‍റ് എന്ന സ്വന്തം എന്‍ജിഒ വഴി വിദേശ സംഭാവന ചട്ടം ലംഘിച്ച് വന്‍ തോതില്‍ പണം കൈപ്പറ്റി, പാകിസ്ഥാന്‍ സന്ദര്‍ശിച്ചു എന്നിവയാണ് ലഡാക്കിലെ സംഘര്‍ഷത്തിന് പിന്നാലെ മാഗ്സസെ പുരസ്ക്കാര ജേതാവുകൂടിയായ സമര നേതാവ് സോനം വാങ് ചുക്കിനെതിരെ ചുമത്തിയ കുറ്റങ്ങള്‍.
ലഡാക്ക് സംഘർഷത്തിൽ മജീസ്റ്റീരിയൽ അന്വേഷണം
ലഡാക്ക് സംഘർഷത്തിൽ മജീസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ലഡാക്ക് ഭരണകൂടം. സമരക്കാതെ അനുനയിപ്പിക്കാൻ തീവ്രശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇതിന്റെ അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഇന്നലെ ഉത്തരവിട്ടച്. ശനിയാഴ്ച മുതൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങും. സംഘർഷത്തെ സംബന്ധിച്ചും വെടിവെപ്പിനെ കുറിച്ചും വിവരങ്ങൾ കൈമാറാനുള്ളവർ ഈ മാസം നാല് മുതൽ 18 വരെ ലേയിലെ ജില്ലാ കള്കറുടെ ഓഫീസിൽ എത്താനാണ് നിർദേശം. സംഘർഷത്തിൽ ഹൈക്കോടതി - സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് സമരം നടത്തുന്ന സംഘടനകൾ ആവശ്യപ്പെട്ടിരുന്നത്.



