Asianet News MalayalamAsianet News Malayalam

കർഷകരെ വണ്ടിയിടിച്ച് കൊന്ന മന്ത്രിപുത്രൻ ആശിഷ് മിശ്രയ്ക്ക് ജാമ്യം നൽകി ഹൈക്കോടതി

യുപി ആദ്യഘട്ട തെര‍ഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിക്കുന്നതെന്നതാണ് ശ്രദ്ധേയം. ആശിഷ് മിശ്ര കരുതിക്കൂട്ടിത്തന്നെയാണ് കർഷകർക്കിടയിലേക്ക് സ്വന്തം കാർ ഓടിച്ചുകയറ്റിയത് എന്നാണ് പ്രത്യേകാന്വേഷണസംഘം നൽകിയ കുറ്റപത്രത്തിൽ പറയുന്നത്.

Lakhimpur Kheri Violence Case Ashish Mishra Gets Bail From Allahabad High Court
Author
Lucknow, First Published Feb 10, 2022, 2:48 PM IST

ദില്ലി/ ലഖ്നൗ: കർഷകസമരത്തിനിടെ ലഖിംപൂർ ഖേരിയിൽ കർഷകരെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും കേന്ദ്രമന്ത്രിയുടെ പുത്രനുമായ ആശിഷ് മിശ്രയ്ക്ക് ജാമ്യം. അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ചാണ് ജാമ്യം നൽകിയത്. കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയുടെ മകനാണ് ആശിഷ് മിശ്ര. യുപി ആദ്യഘട്ട തെര‍ഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിക്കുന്നതെന്നതാണ് ശ്രദ്ധേയം. 

ആശിഷ് മിശ്ര കരുതിക്കൂട്ടിത്തന്നെയാണ് കർഷകർക്കിടയിലേക്ക് സ്വന്തം കാർ ഓടിച്ചുകയറ്റിയത് എന്നാണ് പ്രത്യേകാന്വേഷണസംഘം നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. 2021 ഒക്ടോബർ മൂന്നിനായിരുന്നു സംഭവം. സമരം ചെയ്യുന്ന കർഷകർക്ക് ഇടയിലേക്ക് തന്‍റെ എസ്‍യുവി ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാല് കർഷകരും ഒരു പ്രാദേശികമാധ്യമപ്രവർത്തകനുമാണ്. 

അന്നത്തെ വീഡിയോ കാണാം:

അയ്യായിരം പേജുള്ള കുറ്റപത്രമാണ് അജയ് മിശ്രയ്ക്ക് എതിരെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര മുഖ്യപ്രതിയായപ്പോൾ മന്ത്രിയുടെ ബന്ധുവും വിശ്വസ്തനുമായ വീരേന്ദര്‍ ശുക്ലയും, മുന്‍ കോണ്‍ഗ്രസ് എംപി  അഖിലേഷ് ദാസിന്‍റെ ബന്ധു അങ്കിത് ദാസും പ്രതിപ്പട്ടികയിലുണ്ട്. കൊലപാതകം, ആയുധമുപയോഗിച്ചുള്ള വധശ്രമം, ക്രിമിനല്‍ ഗൂഡാലോചനയടക്കം ഗുരുതരമായ വകുപ്പുകളാണ് ആശിഷ് മിശ്രക്കും മറ്റ് 13 പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.  

തെളിവ് നശിപ്പിച്ചുവെന്നാണ് വീരേന്ദ്ര ശുക്ലക്കെതിരായ കുറ്റം. സംഭവം നടക്കുമ്പോള്‍ ആശിഷ് മിശ്ര സ്ഥലത്തുണ്ടായിരുന്നു. അബദ്ധത്തില്‍ വാഹനങ്ങള്‍ കര്‍ഷകരെ ഇടിക്കുകയല്ലായിരുന്നുവെന്നും ആസൂത്രിതമായ നീക്കമായിരുന്നുവെന്നും കുറ്റപത്രം പറയുന്നു.  കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റിയതിനൊപ്പം വെടിവെച്ചെന്നും കുറ്റപത്രത്തിലുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടന്ന കര്‍ഷക പ്രക്ഷോഭവും കേന്ദ്രമന്ത്രി അജയ് മിശ്രക്കെതിരെ കര്‍ഷകര്‍ പ്രതിഷേധമുയര്‍ത്തിയതുമാണ് പ്രകോപന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. നിർണായക തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയ അന്വേഷണസംഘം 208 സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ  വാഹനം പ്രതികള്‍ ഉപയോഗിച്ചതായി കണ്ടെത്തിയെങ്കിലും മന്ത്രിക്കെതിരെ കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടായിരുന്നില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios