Asianet News MalayalamAsianet News Malayalam

ലക്ഷദ്വീപും തെരഞ്ഞെടുപ്പ് ചൂടിലേക്ക്, ലോക്സഭ സീറ്റിലേക്ക് ഉപെതെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്

വധശ്രമ കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ്  ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിലാണ് ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്

Lakshadeep loksabha seat byelection on Februaray 27th
Author
First Published Jan 18, 2023, 3:38 PM IST

ദില്ലി:ത്രിപുര,മേഘാലയ, നാഗാലാന്‍റ് നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ലക്ഷ ദ്വീപിലേക്കുള്ള ഉപതെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.ഫെബ്രുവരി 27നാണ് വോട്ടെടുപ്പ്. മാര്‍ച്ച് 2ന് വോട്ടെണ്ണല്‍ നടക്കും.വധശ്രമ കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ്  ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിലാണ് ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എംപിയെ അയോഗ്യനാക്കിയ പ്രഖ്യാപനം വന്ന് ഒരാഴ്ചക്കുള്ളിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം എന്നത് ഏറെ ശ്രദ്ധേയമാണ്.നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന രീതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത കാലത്ത് സ്വീകരിച്ചിരുന്നില്ല.. ഒരു കൊല്ലത്തില്‍ കൂടുതല്‍ കാലാവധി ഉള്ള സാഹചര്യത്തിലാണ് ലക്ഷദ്വീപില്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള കമ്മീഷന്‍ തീരുമാനം വന്നത്.

 

വധശ്രമ കേസിൽ  ശിക്ഷ നടപ്പിലാക്കുന്നത് തട‌ഞ്ഞ് ജാമ്യത്തിൽ വിടണമെന്ന ലക്ഷദ്വീപ് മുൻ എംപി  മുഹമ്മദ്  ഫൈസലിന്‍റെ ഹർജിയിൽ ഹൈക്കോടതി  വെള്ളിയാഴ്ച വിധി പറയും.  ജസ്റ്റിസ് എ.ബദറുദീൻ ആണ് ഇടക്കാല വിധി പ്രസ്താവിക്കുക.  കേസുമായി ബന്ധപ്പെട്ട വിചാരണ കോടതിയിലെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി പ്രോസിക്യൂഷന്  നിർദേശം നൽകി.  ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞാൽ  കയ്യൂക്കുള്ളവർ ദ്വീപിലെ വോട്ടർമാരെ ഭയപ്പെടുത്തുന്ന അവസ്ഥ വരുമെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കോടതിയെ അറിയിച്ചു. മാരകമായ മുറിവാണ് അക്രമത്തിൽ തനിക്കുണ്ടായതെന്നും ജീവൻ തിരിച്ചു കിട്ടയത്  കൃത്യ സമയത്ത് ചികിത്സ ലഭിച്ചത് കൊണ്ടാണെന്നും കേസിലെ പരാതിക്കാരൻ മുഹമ്മദ് സാലിഹ് കോടതിയെ അറിയിച്ചു. അതേസമയം കവരത്തി കോടതിയുടെ 10 വർഷത്തെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീലിൽ ഹൈക്കോടതി പിന്നീട് വാദം കേൾക്കും.

കാഹളം മുഴങ്ങി, ത്രിപുരയടക്കം മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ്  

Follow Us:
Download App:
  • android
  • ios