അഡ്മിനിസ്ട്രേറ്റര്‍ കൊണ്ടുവന്ന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായ നയങ്ങള്‍ തിരുത്തണമെന്ന് തന്നെയാണ് പാര്‍ട്ടിയുടേയും തന്‍റെയും ആഗ്രഹമെന്ന് ലക്ഷദ്വീപിലെ ബിജെപി ജനറല്‍ സെക്രട്ടറി  എകെ മുഹമ്മദ് കാസിം 

കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നയങ്ങള്‍ തിരുത്തണമെന്ന് ദ്വീപിലെ ബിജെപി ജനറല്‍ സെക്രട്ടറി എ കെ മുഹമ്മദ് കാസിം. ചില നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. അതിനെതിരെ ലക്ഷദ്വീപിലെ ജനങ്ങള്‍ പ്രതിഷേധിക്കുമെന്നുള്ളത് സത്യമാണ്. അഡ്മിനിസ്ട്രേറ്റര്‍ കൊണ്ടുവന്ന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായ നയങ്ങള്‍ തിരുത്തണമെന്ന് തന്നെയാണ് പാര്‍ട്ടിയുടേയും തന്‍റെയും ആഗ്രഹമെന്ന് ലക്ഷദ്വീപിലെ ബിജെപി ജനറല്‍ സെക്രട്ടറി എകെ മുഹമ്മദ് കാസിം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിലാണ് മുഹമ്മദ് കാസിമിന്‍റെ പ്രതികരണം. പാര്‍ട്ടി കേന്ദ്രത്തില്‍ ഇടപെട്ട് ഈ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെടുമെന്നും മുഹമ്മദ് കാസിം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം, ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ അഡ്മിനിസ്ട്രേറ്ററായെത്തിയതിന് പിന്നാലെ നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്കെതിരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധം കൂടുതൽ ശക്തമാകുകയാണ്. ലക്ഷദ്വീപിനെ നശിപ്പിക്കരുതെന്നാവശ്യപ്പെട്ട് കേരളവും ഒറ്റക്കെട്ടായി പ്രതിഷേധങ്ങൾക്ക് പിന്നിൽ അണിനിരന്നു. ലക്ഷദ്വീപ് നിവാസികളെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ആരംഭിച്ച ക്യാമ്പെയിനുകൾ കേരളത്തിലെ രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖർ ഏറ്റെടുത്തതോടെ വിഷയം വലിയ ചർച്ചയായിട്ടുണ്ട്. വിഷയത്തില്‍ ലക്ഷദ്വീപിന് പിന്തുണയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ എത്തിയിരുന്നു.

ലക്ഷദ്വീപിലെ ചില ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ തീവ്രവാദികളുടെ സാന്നിധ്യം ശക്തമാവുകയാണെന്നും ആയുധവും വെടിക്കോപ്പുകളും മയക്കുമരുന്നും കണ്ടെത്തിയെന്നത് ശൂന്യതയില്‍ നിന്ന് വന്ന വിവരം അല്ലെന്നും അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ ദ്വീപിന്‍റെ സുരക്ഷയെ കരുതിയാണെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona