കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല എന്നുമായിരുന്നു രാഹുലിന്‍റെ പരാമര്‍ശം
ദില്ലി: മോദി എന്ന പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വിവാദ വ്യവസായി ലളിത് മോദി. രാഹുലിന്‍റെ പരാമര്‍ശത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ലളിത് മോദി ട്വിറ്ററില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ രാഹുലിന് ചേര്‍ന്ന പ്രയോഗമായിരുന്നില്ല അതെന്നും, പതിറ്റാണ്ടുകളായി രാജ്യത്തെ കൊള്ളയടിക്കുന്ന കുടുംബമാണ് രാഹുലിന്‍റേത് എന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
'കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല' എന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. മഹാരാഷ്ട്രയില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യവേയായിരുന്നു രാഹുല്‍ ഗാന്ധിയുടെ 'മോദി' പരാമര്‍ശം.
രാഹുലിന്‍റെ മോദി പരമാര്‍ശത്തിനെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്. നേരത്തെ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും രാഹുലിന്‍റെ പരമാര്‍ശത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. അധിക്ഷേപ പരാമർശം നടത്തിയതിനു പുറമേ വികാരം വ്രണപ്പെടുത്തുക കൂടിയാണ് രാഹുല്‍ ചെയ്തതെന്നു ചൂണ്ടിക്കാട്ടിയാണ് സുശീല്‍ കുമാര്‍ കോടതിയെ സമീപിച്ചത്. ഐപിഎല്‍ സാമ്പത്തിക തട്ടിപ്പു കേസില്‍ അന്വേഷണം നേരിടുന്ന വ്യവസായിയാണ് ലളിത് മോദി. അന്വേഷണത്തെത്തുടര്‍ന്ന് ഇന്ത്യ വിട്ട ലളിത് മോദി നിലവില്‍ ലണ്ടനിലാണുള്ളത്.
