പട്ന : ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ ഭാര്യ റാബ്രി ദേവിക്കും മകള്‍ മിസ ഭാരതിക്കുമെതിരായി രൂക്ഷ ആരോപണങ്ങളുമായി മരുമകള്‍. തേജ് പ്രതാപ് യാദവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതിയില്‍ പരിഗണിക്കുമ്പോഴാണ് ഐശ്വര്യ റായ് ലാലു പ്രസാദ് യാദവിന്‍റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

മിസ ഭാരതിയും റാബ്രി ദേവിയും തന്നെ ദിവസങ്ങളോളം ഭക്ഷണം നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടു.ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് ഭക്ഷണം നല്‍കാതായതോടെ തന്‍റെ പിതാവിന്‍റെ വീട്ടില്‍ നിന്നുമാണ് ഭക്ഷണം എത്തിച്ചിരുന്നത്. കഴിഞ്ഞ ജൂണ്‍ മുതല്‍ തനിക്കുള്ള ഭക്ഷണം സ്വന്തം വീട്ടില്‍ നിന്നാണ് ലഭിച്ചിരുന്നതെന്നും തേജ് പ്രതാപ് യാദവിന്‍റെ ഭാര്യ ഐശ്വര്യ റായ് ആരോപിക്കുന്നു.

കുടുംബം തകരാന്‍ കാരണമായത് ഭര്‍ത്താവിന്‍റെ സഹോദരിയുടെ ഇടപെടലുകള്‍ മൂലമാണെന്നും ഐശ്വര്യ റായ് കോടതിയില്‍ പറഞ്ഞു. ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ നിരവധി തവണ ഭര്‍ത്താവിന്‍റെ അമ്മയും സഹോദരിയും ശ്രമിച്ചുവെന്നും ഐശ്വര്യ റായ് പറയുന്നു. നേരത്തെ തേജ് പ്രതാപ് യാദവ് കഞ്ചാവിന് അടിമയാണെന്നും ദൈവങ്ങളേപ്പോലെ വസ്ത്രം ധരിക്കുന്നെന്നും ഐശ്വര്യ പറഞ്ഞിരുന്നു.