പറ്റ്ന: തെരഞ്ഞെടുപ്പ് ചൂടിലേക്കിറങ്ങിയ ബിഹാറിൽ മുന്നണികളുടെ രാഷ്ട്രീയ തന്ത്രങ്ങൾ ചൂടുപിടിച്ചു തുടങ്ങി. പടയിടങ്ങളിലും കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം. രാഷ്ട്രീയ പാർട്ടികൾക്ക് താക്കീതുമായി കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ച് റാലികളിൽ ആളുകൾ തിങ്ങിക്കൂടുന്ന സാഹചര്യത്തിൽ നിലപാട് കർശനമാക്കുമെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം നേതാക്കൾക്കെതിരെ കേസെടുക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. 

മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ തെരഞ്ഞെടുപ്പ് റാലികളില്‍ പലയിടത്തും ലാലു പ്രസാദ് യാദവ് അനുകൂല മുദ്രാവാക്യം ഉയരുകയാണ്. നിതീഷിന്‍റെ പ്രസംഗം തടസപ്പെടുത്തും വിധമാണ് പലയടങ്ങളിലും സര്‍ക്കാരിനെതിരെ പ്രതിഷേധമുയരുന്നത്. കുടിയേറ്റ തൊഴിലാളി വിഷയം, തൊഴിലില്ലായ്മ, ശിശുമരണം തുടങ്ങി നിരവധി വിഷയങ്ങളില്‍ നിതീഷ് കുമാറിനെതിരെ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കേയാണ് പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുന്നത്. 

പാര്‍സ മണ്ഡലത്തിലെ പ്രചാരണത്തിനിടെ അപ്രതീക്ഷിതമായിരുന്നു സദസില്‍ നിന്നും ബഹളം ഉയർന്നത്. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നിതീഷ് കുമാര്‍ വാചാലനാകുന്നതിനിടെ ലാലു പ്രസാദ് യാദവ് അനുകൂല മുദ്രാവാക്യം വിളികള്‍ ഉയർന്നു. കള്ളന്മാരാണ് നാട് ഭരിക്കുന്നതെന്നും ഒരു കൂട്ടം ആര്‍ത്തു വിളിച്ചു. തനിക്ക് വോട്ട് ചെയ്തില്ലെങ്കിലും വേണ്ട  വൃത്തികേട് പറയരുതെന്ന് നിതീഷ് കുമാര്‍ കുമാര്‍ തിരിച്ചടിച്ചു.

ഔറംഗ ബാദിലെ റാലിയിലും നിതീഷ് കുമാര്‍ സമാന സാഹചര്യം നേരിട്ടു. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ സദസില്‍ നിന്നൊരാള്‍ നിതീഷ് കുമാര്‍ കള്ളനാണെന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധിച്ചു. ആര്‍ജെഡിയുടെ പ്രവർത്തകർ റാലികളില്‍ നുഴഞ്ഞു കയറി പ്രശ്നമുണ്ടാക്കുന്നതാണെന്നാണ് ജെഡിയുവിന്‍റെ പ്രതികരണം.