തർക്കത്തെ തുടർന്ന് രണ്ട് പക്ഷമായി തിരിഞ്ഞ ആളുകൾ പരസ്പരം വെടിയുതിർത്തെന്നാണ് വിവരം. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്
ദില്ലി: ഭൂമി തർക്കത്തെ തുടർന്ന് പഞ്ചാബിൽ കൂട്ടക്കൊല. നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഗുരുദാസ്പൂരിലെ ഫുൽദാ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊല്ലപ്പെട്ടവരിൽ ഫുൾഡ ഗ്രാമത്തിലെ കോൺഗ്രസ് സർപഞ്ചിന്റെ ഭർത്താവും ഉൾപ്പെടും. സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. സംസ്ഥാനത്ത് എഎപി അധികാരത്തിലേറിയതോടെ നിയമവാഴ്ച തകർന്നെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
തർക്കത്തെ തുടർന്ന് രണ്ട് പക്ഷമായി തിരിഞ്ഞ ആളുകൾ പരസ്പരം വെടിയുതിർത്തെന്നാണ് വിവരം. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ദസുയയിലെ ഗോലെവാൽ ഗ്രാമത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട് ഉണ്ടായ കലഹമാണ് കൂട്ട കൊലപാതകത്തിൽ കലാശിച്ചത്. മരിച്ചവരിൽ മൂന്ന് പേർ ഒരു സംഘത്തിലെ അംഗങ്ങളാണ്. ഒരാൾ എതിർ പക്ഷത്തെയും അംഗമാണ്.
രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. വയൽ നനയ്ക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. കോൺഗ്രസ് പഞ്ചായത്ത് അംഗവും വനിതാ സര്‍പഞ്ചിന്റെ ഭര്‍ത്താവുമായ സുഖ്രാജ് സിംഗ് ,കര്‍ഷകത്തൊഴിലാളിയായ നിഷാന്‍ സിംഗ് ,പഞ്ചായത്ത് മെമ്പറായ ജെയ്മാല്‍ സിംഗ്എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൂടാതെ മറ്റൊരാളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സുഖ്രാജ് സിംഗിന്റെ ഭൂമിയുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ആയുധങ്ങളുമായി എത്തിയ സംഘം ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചെന്നും ഇത് തടയാൻ ശ്രമിച്ചപ്പോൾ വെടിവെച്ചെന്നുമാണ് ദൃക്ഷസാക്ഷികൾ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പരസ്പരം വെടിവെപ്പ് നടന്നെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും ആക്രമികളെ ഉടൻ പിടികൂടുമെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു.അതെസമയം എഎപി സർക്കാരിന്റെ കീഴിൽ സംസ്ഥാനത്തെ നിയമവാഴ്ച്ച തകർന്നെന്ന് കോൺഗ്രസ് ആരോപിച്ചു.
