എല്ലാ കർഷകരിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നതോടെ രാജ്യത്തെ 13 കോടിയോളം കർഷകർക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കുകൂട്ടലെന്ന് പുതിയ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ പറഞ്ഞു.
ദില്ലി: തെരഞ്ഞെടുപ്പിന് മുമ്പ് ഇടക്കാല ബജറ്റിലൂടെ കർഷകരോഷം തണുപ്പിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യം ഇനി രാജ്യത്തെ എല്ലാ കർഷകർക്കും കിട്ടും. പ്രതിവർഷം ഇനി രാജ്യത്തെ എല്ലാ കർഷകർക്കും 6000 രൂപ ധനസഹായം നൽകാനാണ് ദില്ലിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യമന്ത്രിസഭാ യോഗം തീരുമാനിച്ചത്. കർഷകർക്ക് പ്രഥമപരിഗണന നൽകുന്ന സർക്കാരാകും നരേന്ദ്രമോദിയുടേതെന്ന് ദില്ലിയിൽ മന്ത്രിസഭാ യോഗതീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ പുതിയ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ വ്യക്തമാക്കി.
2 ഹെക്ടർ വരെ ഭൂമിയുള്ള എല്ലാ കർഷകർക്കും പ്രതിവർഷം 6000 രൂപ വീതം നൽകുമെന്നാണ് ഇടക്കാല ബജറ്റിൽ നേരത്തേ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നത്. അന്ന് ആദ്യത്തെ ഗഡു എല്ലാ കർഷകർക്കും ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നൽകുകയും ചെയ്തു. ഈ പദ്ധതി ഭൂരഹിതരായ കർഷകരുൾപ്പടെ എല്ലാവരിലേക്കും വ്യാപിപ്പിക്കുമ്പോൾ ജനപ്രിയ പദ്ധതികളിലൂന്നിയാകും രണ്ടാം മോദി സർക്കാർ മുന്നോട്ടുപോവുക എന്ന വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്.
''പ്രധാനമന്ത്രി കാർഷികരംഗത്തിന് കൃത്യമായ ഊന്നൽ നൽകുന്നുണ്ട്. 2022-ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനത്തിനായി പ്രവർത്തിക്കും. കർഷകരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ഞങ്ങൾ നടപ്പാക്കി. കർഷകർക്ക് കൃത്യമായ വരുമാനം ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ് പിഎം കിസാൻ സമ്മാൻ നിധി അവതരിപ്പിച്ചത്.
ഇതിന് അർഹരായ കർഷകരുടെ പട്ടിക പല സംസ്ഥാനങ്ങളും നൽകിയില്ല. പക്ഷേ, മൂന്ന് കോടിയിലധികം കർഷകർക്ക് ഇതുവരെ ഈ സഹായം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ കർഷകർക്കും ഈ സഹായം എത്തണമെന്നതാണ് ഈ സർക്കാരിന്‍റെ ലക്ഷ്യം. അതിനാൽ ഇനി എല്ലാ കർഷകർക്കും ഈ സഹായം നൽകാൻ തീരുമാനിച്ചിട്ടുണ്ട്'', നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.
പ്രധാൻമന്ത്രി കിസാൻ പെൻഷൻ യോജനയും വിപുലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. 40 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ കർഷകർക്കും പ്രതിമാസം 3000 രൂപ നൽകുന്നതാണ് പ്രധാൻമന്ത്രി കിസാൻ പെൻഷൻ യോജന. ഇതിലൂടെ അഞ്ച് കോടി കർഷകർക്ക് പെൻഷൻ ആനുകൂല്യം ലഭിക്കുമെന്ന് നരേന്ദ്രസിംഗ് തോമർ പറഞ്ഞു.
പദ്ധതി വിപുലപ്പെടുത്തുന്നതിലൂടെ ഖജനാവിന് 12,500 കോടി രൂപ കൂടി ചെലവാകും. പദ്ധതിയിലൂടെ പ്രതിവർഷം 87,000 കോടി രൂപയാണ് ആകെ ചെലവെന്നും കണക്കുകൂട്ടപ്പെടുന്നു.
