ദില്ലി: നരേന്ദ്ര മോദിക്കെതിരായ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക് ലവാസയുടെ വിയോജനക്കുറിപ്പ് വെളിപ്പെടുത്താനാവില്ലെന്ന് ആവർത്തിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തരം വിവരങ്ങൾ പരസ്യപ്പെടുത്തിയാൽ വ്യക്തിയുടെ സ്വത്തിനോ ജീവനോ ഭീഷണിയാകുമെങ്കിൽ വെളിപ്പെടുത്തരുതെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ നിലപാടെടുത്തത്. പുണെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ വിഹാര്‍ ദുര്‍വെയാണ് അശോക് ലവാസയുടെ കുറിപ്പുകള്‍ ആവശ്യപ്പെട്ടത്. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഞ്ചിടത്ത് നടത്തിയ പ്രസംഗങ്ങളില്‍  മോദി ചട്ടലംഘനം നടത്തിയെന്നായിരുന്നു പരാതി. എല്ലാ പരാതിയിലും കമ്മീഷന്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി. എന്നാല്‍, മോദിക്കും അമിത് ഷാക്കുമെതിരെയുള്ള പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത തീരുമാനത്തില്‍ അംഗങ്ങളിലൊരാളായ അശോക് ലവാസ വിയോജനക്കുറിപ്പെഴുതി. മൂന്നംഗങ്ങളുള്ള കമ്മീഷനില്‍ രണ്ട് പേര്‍ അനുകൂലിച്ചതോടെയാണ് ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയത്.