ഭീകരാക്രമണത്തിന് ശേഷം നിശബ്ദമായിരുന്ന പഹൽഗാമിലേക്ക് വീണ്ടും സഞ്ചാരികൾ ഒഴുകിയെത്തുന്നു. പ്രദേശം സജീവമായതിൽ മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. കശ്മീരിലെ ടൂറിസം മേഖലയുടെ തിരിച്ചുവരവിന്റെ ആദ്യ സൂചനകളാണിത്.

കാശ്മീർ: ഭീകരാക്രമണത്തിന് ശേഷം നിശബ്‍ദമായിരുന്ന പഹൽഗാമിലേക്ക് വീണ്ടും സഞ്ചാരികൾ ഒഴുകിയെത്തുന്നു. പ്രദേശം വിനോദസഞ്ചാരികളെക്കൊണ്ട് സജീവമായതിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‍ദുള്ള സന്തോഷം പ്രകടിപ്പിച്ചു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഒമർ അബ്‍ദുള്ള പഹൽഗാം സന്ദർശിക്കുന്നത്. തിരക്കേറിയ തെരുവുകളുടെയും ട്രാഫിക് ബ്ലോക്കുകളുടെയും ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചു.

കശ്മീരിലെ ടൂറിസം മേഖലയുടെ തിരിച്ചുവരവിന്‍റെ ആദ്യ സൂചനകളാണ് ഇവിടെ കാണാൻ കഴിയുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും പഹൽഗാമിലേക്ക് എത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ പഹൽഗാമിൽ പോയപ്പോൾ, ആളനക്കമില്ലാത്ത ഒരു മാർക്കറ്റിലൂടെ സൈക്കിൾ ഓടിക്കുകയായിരുന്നു. ഇന്ന് വീണ്ടും എത്തിയപ്പോൾ പഹൽഗാം പ്രവർത്തനങ്ങൾ കൊണ്ട് സജീവമാണെന്ന് ഒമർ അബ്‍ദുള്ള എക്സിൽ കുറിച്ചു.

മെയ് അവസാന വാരം, ബൈസാരൻ താഴ്‌വരയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം വിശ്വാസം വളർത്തുന്നതിനായി ഒമർ അബ്‍ദുള്ളയും മന്ത്രിമാരും തലസ്ഥാനമായ ശ്രീനഗറിൽ നിന്ന് പഹൽഗാമിലേക്ക് മാറി മന്ത്രിസഭാ യോഗം നടത്തിയിരുന്നു. ആ ആക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു നാട്ടുകാരനും മരിച്ചത്. ലഷ്‌കർ ഭീകരർ നടത്തിയ ആക്രമണത്തെ തുടർന്ന് സർക്കാർ കശ്മീരിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടിയിരുന്നു.

എന്നാൽ, അടച്ചിട്ടിരുന്ന 48 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 16 എണ്ണം വീണ്ടും തുറന്നതോടെ ഭൂമിയിലെ പറുദീസ (കശ്മീർ അറിയപ്പെടുന്ന പേര്) എന്നറിയപ്പെടുന്ന സ്ഥലത്ത് ടൂറിസം വീണ്ടും ഉണർന്നിരിക്കുകയാണ്. ടൂറിസം വ്യവസായം കശ്മീരിന്‍റെ ജീവരേഖയാണ്. ജമ്മു കശ്മീരിന്റെ ജിഡിപിയുടെ ഏകദേശം 7-8 ശതമാനം സംഭാവന ചെയ്യുന്നു. താഴ്‌വരയെ സംബന്ധിച്ചിടത്തോളം ഇത് ഇതിലും കൂടുതലാണ്.