മുന്‍പും കോടതിയെ അവമതിച്ച് ഇയാള്‍ സംസാരിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ലക്ക്നൗ: ഡ്രസ് കോഡ് തെറ്റിച്ച് കോടതിയില്‍ ഹാജരാവുകയും ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിക്കുകയും ചെയ്ത അഭിഭാഷകന് ആറുമാസം തടവു വിധിച്ച് അലഹബാദ് ഹൈക്കോടതി. അശോക് പാണ്ഡെ എന്ന അഭിഭാഷകനെതിരെ അലഹബാദ് ഹൈക്കോടതിയിലെ ലക്ക്നൗ ബെഞ്ചാണ് ആറ് മാസം തടവും 2,000 രൂപ പിഴയും വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഒരുമാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. ലക്ക്നൗ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ കീഴടങ്ങാന്‍ അഭിഭാഷകന് നാലാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചിട്ടുള്ളത്.

2021 ഒഗസ്റ്റ് 18 നാണ് അഭിഭാഷകന്‍ ജഡ്ജിമാരെ അധിക്ഷേപിച്ച് സംസാരിച്ചത്. ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് എന്നിവരടങ്ങുന്ന ബെഞ്ചിന് മുന്‍പാകെ അശോക് പാണ്ഡെ ഹാജരായത് റോബ് ധരിക്കാതെയും ഷര്‍ട്ടിന്‍റെ ബട്ടന്‍സ് ഇടാതെയുമാണ്. ഇത് ചോദ്യം ചെയ്തതിനാണ് ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ചത്. 

ജസ്റ്റിസ് വിവേക് ചൗധരി, ജസ്റ്റിസ് ബ്രിജ് രാജ് സിങ് എന്നിവരുടേതാണ് നിലവിലെ ഉത്തരവ്. അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നത് മൂന്ന് വര്‍ഷത്തേക്ക് വിലക്കുമെന്നും വിലക്കല്‍ നടപടി സ്വീകരിക്കാതിരിക്കണമെങ്കില്‍ തക്കതായ കാരണം ബോധ്യപ്പെടുത്തണമെന്നും ബെഞ്ച് ഉത്തരവിട്ടു. 
ജുഡീഷ്യറിയെ സ്ഥിരമായി അധിക്ഷേപിക്കുന്നയാളാണ് അശോക് പാണ്ഡെ എന്ന് കോടതി ചൂണ്ടിക്കാട്ടി. മുന്‍പും കോടതിയെ അവമതിച്ച് ഇയാള്‍ സംസാരിച്ചിട്ടുണ്ട്.

Read More:വേഷംമാറി വീട്ടിലെത്തി, പ്രതിയുണ്ടെന്ന് ഉറപ്പാക്കി; നാച്ചി തൈ വീടിനടുത്ത് കുഴിച്ചിട്ട കഞ്ചാവ് എക്സൈസ് പൊക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം