മഹുവയെ കുരുക്കി റിപ്പോര്‍ട്ട്: രാജ്യസുരക്ഷ വിവരങ്ങൾ ചോർന്നിരിക്കാമെന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി
ചോദിച്ച 61 ൽ 50 ചോദ്യങ്ങളും ഹിരാനന്ദാനിക്ക് വേണ്ടിയെന്നും എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

ദില്ലി: മഹുവ മൊയ്ത്രയിലൂടെ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ ചോര്‍ന്നിരിക്കാമെന്ന് പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റി. നിര്‍ണ്ണായകമായ 20 ബില്ലുകളെ സംബന്ധിച്ച് 2019ല്‍ എംപിമാര്‍ക്ക് മുന്‍കൂറായി നല്‍കിയ വിവരങ്ങള്‍ ചോര്‍ന്നിരിക്കാമെന്ന ആഭ്യന്തരമന്ത്രാലയ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് കുറ്റാരോപണം. ഇല്ലാത്ത അധികാരമാണ് എത്തിക്സ് കമ്മിറ്റി പ്രയോഗിക്കുന്നതെന്നും, അധാര്‍മ്മികമായി പുറത്താക്കപ്പെടുന്ന ആദ്യ എംപിയെന്ന നിലക്ക് അഭിമാനമുണ്ടെന്നും മഹുവ മൊയ്ത്ര പ്രതികരിച്ചു.
പുറത്താക്കല്‍ ശുപാര്‍ശയെ ന്യായീകരിക്കാന്‍ മഹുവക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ റിപ്പോര്‍ട്ടില്‍ നിരത്തി പാര്‍ലമെെന്‍റ് എത്തിക്സ് കമ്മിറ്റി. പാര്‍ലമെന്‍റ് ലോഗിന്‍ അക്കൗണ്ട് വിവരങ്ങള്‍ വ്യവസായ ഗ്രൂപ്പായ ഹിരാനന്ദാനിക്ക് കൈമാറിയതിലൂടെ വിവര ചോര്‍ച്ച ഉണ്ടായിരിക്കാമെന്നാണ് എത്തിക്സ് കമ്മിറ്റിയുടെ നിഗമനം. 2019 ജുലൈക്കും 2023 ഏപ്രിലിനുമിടയില്‍ 47 തവണയാണ് മഹുവ മൊയ്ത്രയുടെ പാര്‍ലമെന്‍റ് ലോഗിന്‍ അക്കൗണ്ട് യുഎഇയില്‍ വച്ച് ഹിരാനന്ദാനി ഗ്രൂപ്പ് ഉപയോഗിച്ചിരിക്കുന്നത്.
ജമ്മുകാശ്മീര്‍ പുനസംഘടന ബില്‍, മുത്തലാക്ക് ബില്ലടക്കം ഇരുപത് ബില്ലുകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ മുന്‍കൂറായി പരിശോധിക്കാന്‍ ഇക്കാലയളവില്‍ എംപിമാര്‍ക്ക് നല്‍കിയിരുന്നു. പാര്‍ലെമെന്‍റ് അക്കൗണ്ട് ഉപയോഗിച്ച ഹിരാനന്ദാനി ഗ്രൂപ്പ് സ്വാഭാവികമായും ഉള്ളടക്കം കണ്ടിരിക്കാമെന്നാണ് എത്തിക്സ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്. വിവരങ്ങള്‍ ചോര്‍ന്ന് കിട്ടുന്ന രാജ്യവിരുദ്ധ ശക്തികള്‍ക്ക് പാര്‍ലമെന്‍റ് ആക്രമണം പോലും നടത്താമായിരുന്ന സാഹചര്യമാണ് മഹുവ സൃഷ്ടിച്ചതെന്നും എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ലമെന്‍റില്‍ മഹുവ ചോദിച്ച 61 ചോദ്യങ്ങളില്‍ അന്‍പതും ഹിരാനന്ദാനി ഗ്രൂപ്പിന് വേണ്ടിയായിരുന്നുവെന്നം കണ്ടെത്തിയിട്ടുണ്ട്.അതേ സമയം പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യാനുള്ള അധികാരം എത്തിക്സ് കമ്മിറ്റിക്കില്ലെന്നും പരമാവധി സസ്പെന്‍ഷന് ശുപാര്‍ശ ചെയ്യാനേ കഴിയൂയെന്നുമാണ് മഹുവയുടെ വാദം. ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ നന്ദാനി, മുന്‍സുഹൃത്തും അഭിഭാഷകനുമായ ആനന്ദ് ദെഹദ്രായി എന്നിവരെ വിസ്തരിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. പണം വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലാതെ പുറത്താക്കിയാല്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് മഹുവയുടെ നീക്കം. തെളിവ് കണ്ടെത്താന്‍ കഴിയാത്തതിനാലാണ് അന്വേഷണ ഏജന്‍സികള്‍ അക്കാര്യം പരിശോധിക്കട്ടെയെന്ന നിലപാടിലൂടെ സമിതി കൈകഴുകിയതെന്നും വിമര്‍ശിക്കുന്നു