Asianet News MalayalamAsianet News Malayalam

'ശാരീരിക അകലം, സാമൂഹിക ഒരുമ', ഏപ്രിൽ 14-ന് അംബേദ്കർ ജയന്തി ആചരിക്കാൻ ഇടത് പാർട്ടികളുടെ ആഹ്വാനം

പാവപ്പെട്ടവർക്കും ആവശ്യമുള്ളവർക്കും എത്രയും പെട്ടെന്ന് ആനുകൂല്യങ്ങൾ നേരിട്ട് ബാങ്കുകളിലേക്ക് എത്തിക്കാനും, ഭക്ഷണമെത്തിക്കാനും നടപടി വേണമെന്നാവശ്യപ്പെട്ടും, അതേസമയം, ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുമാകും ആചരണം.
left parties combinedly demands to observe april 14 as ambedkar jayanti
Author
New Delhi, First Published Apr 13, 2020, 5:54 PM IST
ദില്ലി: ഏപ്രിൽ 14-ന് അംബേദ്കർ ജയന്തി ആചരിക്കാൻ ഇടത് പാർട്ടികളുടെ ആഹ്വാനം. ഏപ്രിൽ 14-ന് വൈകിട്ട് 5 മണിക്ക് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി അനുസരിച്ചുകൊണ്ടുതന്നെ പാവപ്പെട്ടവർക്ക് വേണ്ടി ചില പ്രവർത്തനങ്ങൾ നടത്തുമെന്നും, കേന്ദ്രസർക്കാരിനോട് ക്ഷേമപദ്ധതി വിതരണം കാര്യക്ഷമമാക്കാൻ ആവശ്യപ്പെടുമെന്നും പ്രതിജ്ഞ ചെയ്യണമെന്ന് ഇടത് പാർട്ടികൾ സംയുക്തമായി ആഹ്വാനം ചെയ്തു. സിപിഎം, സിപിഐ, സിപിഎംഎൽ, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികൾ സംയുക്തമായാണ് ആഹ്വാനം ചെയ്തത്. 

ഏപ്രിൽ 14-ന് സ്വീകരിക്കേണ്ട പ്രതിജ്ഞ:

1. നമ്മൾ നമ്മുടെ ഭരണഘടന സംരക്ഷിക്കും.

2. ലോക്ക് ഡൗണിൽ വലയുന്ന പാവപ്പെട്ടവർക്കും അർഹതപ്പെട്ടവർക്കം ക്ഷേമപദ്ധതികളുടെയും സബ്സിഡികളുടെയും പണം നേരിട്ട് ബാങ്കുകളിൽ കേന്ദ്രസർക്കാർ എത്തിക്കണം. പട്ടിണി മൂലം വലയുന്നവർക്ക് ഭക്ഷണമെത്തിക്കണം. 

3. മതം, ജാതി, ലിംഗഭേദമന്യേ, ജനങ്ങൾക്കിടയിൽ സാമൂഹിക ഒരുമ ഊട്ടിയുറപ്പിക്കും. തൊട്ടുകൂടായ്മയുടെ പേരിലോ, മറ്റ് വിവേചനങ്ങളുടെ പേരിലോ ലോക്ക് ഡൗൺ കാലത്ത് ഒരു വിഭാഗം ജനങ്ങൾക്കും ഒരു തരത്തിലുള്ള പീഡനവും ഏൽക്കേണ്ടി വരില്ലെന്ന് ഉറപ്പാക്കും.

ശാരീരിക അകലം, സാമൂഹിക ഒരുമ - ഇതാകും നമ്മുടെ മുദ്രാവാക്യം.

4. അന്ധവിശ്വാസങ്ങളും മുൻധാരണകളും അകറ്റി വിദ്യാഭ്യാസത്തിലൂടെ വെളിച്ചത്തിലേക്ക് എന്ന അംബേദ്കറുടെ വിശ്വാസങ്ങൾ മുറുകെപ്പിടിക്കും. 

പൊതുവിടങ്ങളിൽ കൂട്ടം കൂടാതെ സുരക്ഷിതരായി ലോക്ക് ഡൗൺ ചട്ടങ്ങൾ പാലിച്ചുകൊണ്ടുവേണം ഈ പ്രതിജ്ഞ സ്വീകരിക്കാൻ എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റ് ഇടത് പാർട്ടി ജനറൽ സെക്രട്ടറിമാരും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Follow Us:
Download App:
  • android
  • ios