ഗുഡ്‍ഗാവ്: വൈദ്യുതി കമ്പികളില്‍ കുടുങ്ങിയ പുലിക്ക് ദാരുണാന്ത്യം. ഹരിയാനയിലെ ലാല്‍ ഖേര്‍ലി ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് വൈദ്യുതി കമ്പികളില്‍ തൂങ്ങി കിടക്കുന്ന പുലിയെ പ്രദേശവാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പെത്തി പുലിയുടെ ജഡം നിലത്തിറക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വൈദ്യുതാഘാതമാണെന്ന് വ്യക്തമാണ്. പുലിയുടെ മുഖവും ശരീരത്തിന്‍റെ പല ഭാഗങ്ങളും വൈദ്യുതാഘാതമേറ്റ് കരിഞ്ഞിരുന്നു. 

ഇരയുടെ പിന്നാലെ മരത്തില്‍ വലിഞ്ഞ് കയറിയ പുലിയുടെ മുഖം തൊട്ടടുത്തുള്ള വൈദ്യുതി കമ്പിയില്‍ തട്ടുകയും തുടര്‍ന്ന് വൈദ്യുതാഘാതമേറ്റ് മരണപ്പെടുകയുമായിരുന്നെന്ന്  വനംവകുപ്പ്  ഉദ്യോഗസ്ഥന്‍ ശ്യാം സുന്ദര്‍ കൌഷിക്ക് പറഞ്ഞു. 30 കിലോ ഭാരമുള്ള പുലിക്ക് രണ്ടുവയസായിരുന്നു പ്രായം.