ബെംഗളൂരു: വീട്ടില്‍ അച്ഛനമ്മമാരോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്ന് വയസ്സുകാരനെ പുലി കൊണ്ടുപോയി കൊലപ്പെടുത്തി. കര്‍ണാടക രാമനഗര ജില്ലയിലെ മഗഡിയിലാണ് സംഭവം. കുട്ടിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. കദരയാനപാലിയ എന്ന ഗ്രാമത്തിലാണ് കൊല്ലപ്പെട്ട ഹേമന്ത് എന്ന മൂന്ന് വയസ്സുകാരനും കുട്ടിയും മാതാപിതാക്കളും താമസിക്കുന്നത്. ചൂട് കാരണം വാതില്‍ തുറന്നിട്ടായിരുന്നു കുടുംബം ഉറങ്ങിയത്. വൈദ്യുതിയുമുണ്ടായിരുന്നില്ല.

എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോള്‍ പുലി കുട്ടിയെ കൊണ്ടുപോകുകയായിരുന്നു. ഉറക്കത്തില്‍ നിന്നെണീറ്റ മാതാപിതാക്കള്‍ കുട്ടിയെ കണ്ടില്ല. തുടര്‍ന്ന് അയല്‍വാസികളെ ഉണര്‍ത്തി തിരച്ചില്‍ നടത്തി. ഒടുവില്‍ വീടിന് ഏകദേശം 60 മീറ്റര്‍ പരിസരത്തെ കുറ്റിക്കാട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുടുംബം സമീപകാലത്താണ് ഗ്രാമത്തിലേക്ക് താമസിക്കാനെത്തിയത്. പുലിയെ പിടികൂടുന്നതിനായി നടപടി ആരംഭിച്ചെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.