Asianet News MalayalamAsianet News Malayalam

'പാര്‍ലമെന്‍റില്‍ സ്വതന്ത്രശബ്ദമാകും, സത്യപ്രതിജ്ഞ ചെയ്ത ശേഷം ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്': രഞ്ജന്‍ ഗൊഗോയി

ജുഡീഷ്യറിക്കും പാർലമെൻറിനും ഇടയ്ക്കുള്ള നല്ല ബന്ധത്തിന് വേണ്ടിയാണ് പദവി സ്വീകരിക്കുന്നതെന്ന് ഗൊഗോയി. രാജ്യതാല്പര്യത്തിന് ജുഡീഷ്യറിയും പാർലമെൻറും ഒന്നിച്ച് പ്രവർത്തിക്കണം. എങ്കിലേ പുരോഗതിയിലേക്ക് എത്താന്‍ സാധിക്കൂ. പാര്‍ലമെന്‍റില്‍ സ്വതന്ത്രശബ്ദമാകാന്‍ ദൈവം തനിക്ക് ശക്തി നല്‍കട്ടേയെന്നും ഗൊഗോയി 

Let me take oath, I will speak in detail about accepting RS nomination speaks ranjan gogoi
Author
Guwahati, First Published Mar 17, 2020, 9:42 PM IST

ഗുവാഹത്തി: സത്യപ്രതിജ്ഞ ചെയ്ത ശേഷം ഒരുപാട് കാര്യങ്ങൾ പറയുമെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ഗൊഗോയിയെ രാജ്യസഭയിലേക്കുള്ള നിയമനത്തിനെതിരെ രൂക്ഷ പ്രതികരണം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. എന്തുകൊണ്ടാണ് താന്ർ ഈ ക്ഷണം സ്വീകരിച്ചതെന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം വ്യക്തമാക്കുമെന്ന് ഗോഗോയി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

തിങ്കളാഴ്ച പ്രസിദ്ധികരിച്ച വിജ്ഞാപനത്തിലാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദ്  മുന്‍ ചീഫ് ജസ്റ്റിസിനെ  രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഗൊഗോയി വിരമിച്ചത്.  ജുഡീഷ്യറിക്കും പാർലമെൻറിനും ഇടയ്ക്കുള്ള നല്ല ബന്ധത്തിന് വേണ്ടിയാണ് പദവി സ്വീകരിക്കുന്നതെന്ന് ഗൊഗോയി വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യതാല്പര്യത്തിന് ജുഡീഷ്യറിയും പാർലമെൻറും ഒന്നിച്ച് പ്രവർത്തിക്കണം. എങ്കിലേ പുരോഗതിയിലേക്ക് എത്താന്‍ സാധിക്കൂ. പാര്‍ലമെന്‍റില്‍ സ്വതന്ത്രശബ്ദമാകാന്‍ ദൈവം തനിക്ക് ശക്തി നല്‍കട്ടേയെന്നും ഗൊഗോയി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 

ജൂഡീഷ്യറിയുടെ നിലപാടുകൾ പാർലമെനറിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും ഗൊഗോയി പ്രതികരിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തിരിക്കെ ഏറെ വിവാദങ്ങളുള്ള ഒരു കാലഘട്ടത്തിന് ശേഷം വിരമിച്ച് മാസങ്ങൾക്കുള്ളിലാണ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നേരിട്ട് നാമനിർദേശം ചെയ്തത്.  2018 ജനുവരി 12 ന് സുപ്രീം കോടതിയിലെ രഞ്ജൻ ഗൊഗോയ് അടക്കമുള്ള മുതിര്‍ന്ന നാല് ന്യായാധിപര്‍ നടത്തിയ പത്രസമ്മേളനം ഏറെ ശ്രദ്ധേയമായിരുന്നു. കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ചുമതല നല്‍കുന്നതില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാനദണ്ഡങ്ങളും, കീഴ്‌വഴക്കങ്ങളും ലംഘിക്കുന്നു എന്നാരോപിച്ചുകൊണ്ടായിരുന്നു ആ പത്രസമ്മേളനം. അത് സുപ്രീം കോടതിയുടെ ചരിത്രത്തിൽ അഭൂതപൂർവമായ ഒരു സംഭവവികാസമായിരുന്നു.  ജസ്റ്റിസ് ചെലമേശ്വർ, ജസ്റ്റിസ് മദൻ സി ലോക്കുർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവരായിരുന്നു ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് പുറമെ അന്ന് വിമതസ്വരവുമായി പത്രസമ്മേളനം നടത്തിയത്. 

കേസുകള്‍ ജഡ്ജിമാര്‍ക്കിടയില്‍ വീതിച്ചു നല്‍കുന്നതില്‍ ചീഫ് ജസ്റ്റിസ് സ്വേച്ഛാപരമായി പെരുമാറുകയാണെന്നും പ്രധാനകേസുകള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്നെ ഏറ്റെടുക്കുകയാണെന്നും അന്നവർ ആരോപിച്ചിരുന്നു. 2018  ഒക്ടോബർ 3 -ന്  ദീപക് മിശ്ര വിരമിച്ച ഒഴിവിലാണ് രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്നത്. ഏകദേശം 13 മാസത്തോളമാണ് ചീഫ് ജസ്റ്റിസ് പദവിയിൽ ഗൊഗോയ് തുടർന്നത്. ഈ കാലയളവിനുള്ള 47  കേസുകളിൽ വിധി പറഞ്ഞിട്ടുണ്ട് ഗൊഗോയി. 
 

Follow Us:
Download App:
  • android
  • ios