ദില്ലി: അന്തരിച്ച കോണ്‍ഗ്രസ് നേതാവും ദില്ലി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിതിന്‍റെ മകന്‍ സന്ദീപ് ദീക്ഷിത് ദില്ലിയുടെ  ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോയ്ക്ക് അയച്ച കത്തിലെ വിവരങ്ങള്‍ പുറത്തുവന്നത് വിവാദമാകുന്നു. കത്ത് പിസി ചോക്കോ സോണിയ ഗാന്ധിക്ക് കൈമാറിയതായാണ് വിവരം. കത്തിന്‍റെ ഉള്ളടക്കം സംബന്ധിച്ചുള്ള മാധ്യമ വാര്‍ത്തകളും വിവാദത്തിന് അടിസ്ഥാനമായിട്ടുണ്ട്.

എന്നാല്‍ കത്തിന്‍റെ ഉള്ളടക്കം പുറത്തുവിടാന്‍ ഇരുനേതാക്കളും തയ്യാറായിട്ടില്ല. കത്ത് സോണിയക്ക് കൈമാറിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് സന്ദീപ് ദീക്ഷിത് രംഗത്തെത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്. ചാക്കോയ്ക്ക് വ്യക്തിപരമായി അയച്ച കത്താണെന്നും സോണിയ ഗാന്ധിയെ ഈ വിഷയത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നതിന്‍റെ കാരണമെന്താണെന്ന് അറിയില്ലെന്നും സന്ദീപ് പ്രതികരിച്ചതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. കത്തില്‍ ഉന്നയിച്ച വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലാണ് സന്ദീപ് ദീക്ഷിത്.

കത്തിനെക്കുറിച്ച് സോണിയാ ഗാന്ധി അറിയേണ്ടതുണ്ടെന്ന് തോന്നിയതിനാലാണ് കത്ത് കൈമാറിയതെന്നാണ് ഇതേക്കുറിച്ച് ചാക്കോയുടെ പ്രതികരണം. ഷീലാ ദീക്ഷിതിന്‍റെ ആകസ്മിക മരണത്തിനും അനാരോഗ്യത്തിനും കാരണം ചാക്കോയാണെന്നാണ് കത്തില്‍ പറയുന്നതെന്നാണ് ഇന്ത്യാ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കത്ത് സോണിയാഗാന്ധിക്ക് കൈമാറിയതടക്കമുള്ള പിസി ചാക്കോയുടെ നടപടികളെ വിമര്‍ശിച്ച് ദില്ലി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയതോടെ ദില്ലി കോണ്‍ഗ്രസിലെ അവസ്ഥ കലുഷിതമാണ്.