Asianet News MalayalamAsianet News Malayalam

എയര്‍ ആംബുലൻസിന് മെഡിക്കല്‍ ഓഫീസറുടെ കത്ത് നിര്‍ബന്ധം; ലക്ഷദ്വീപില്‍ ആരോഗ്യവകുപ്പിന്‍റെ പുതിയ മാര്‍ഗനിര്‍ദേശം

മെഡിക്കൽ ഓഫീസറുടെ വാട്സാപ്പ്, എസ്എംഎസ് സന്ദേശങ്ങൾ വഴിയായിരുന്നു ഇതുവരെ എയർ ആംബുലൻസ് സംവിധാനം ഒരുക്കിയിരുന്നത്. 

letter from medical officer needed for air ambulance in Lakshadweep
Author
Kavaratti, First Published May 29, 2021, 10:59 AM IST

കവരത്തി: ലക്ഷദ്വീപിൽ എയര്‍ ആംബുലൻസ് ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശമിറക്കി ആരോഗ്യവകുപ്പ്. എയര്‍ ആംബുലൻസ് ആവശ്യമെങ്കിൽ ഇനി മുതൽ മെഡിക്കൽ ഓഫീസർ ഔദ്യോഗികമായി കത്ത് നൽകണം. മെഡിക്കൽ ഓഫീസറുടെ വാട്സാപ്പ്, എസ്എംഎസ് സന്ദേശങ്ങൾ വഴിയായിരുന്നു ഇതുവരെ എയർ ആംബുലൻസ് സംവിധാനം ഒരുക്കിയിരുന്നത്.

എന്നാല്‍ വാട്സാപ്പ്, എസ്എംഎസ് സന്ദേശങ്ങൾ ഔദ്യോഗിക രേഖകളായി സൂക്ഷിക്കാൻ കഴിയാത്തതിനാലാണ് കത്ത് നിര്‍ബന്ധമാക്കുന്നതെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റുമ്പോൾ മെഡിക്കൽ ഓഫീസർ നാലംഗ കമ്മിറ്റിയുടെ അനുവാദം വാങ്ങണമെന്ന് നേരത്തെ ഉത്തരവ് വന്നിരുന്നു. ഇതിനെ തുടർന്നാണ് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.

അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങളിൽ പ്രതിഷേധമറിയിച്ച് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കി.  അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങളിലും കളക്ടർ അസ്കറലിയുടെ പ്രസ്താവനകളിലും പ്രതിഷേധമറിയിച്ച് മൂന്ന് പ്രമേയങ്ങളാണ് പഞ്ചായത്ത് പാസാക്കിയത്. ഒന്നാമത്തെ പ്രമേയത്തിൽ വികസന പദ്ധതികളും നിയമപരിഷ്കാരങ്ങളും നടപ്പിലാക്കുമ്പോള്‍ പഞ്ചായത്തുകളോട് ആലോചിക്കണമെന്നും ജനദ്രോഹപരമായ നീക്കങ്ങളിൽ നിന്ന് അഡ്മിനിസ്ട്രേഷൻ പിന്മാറണമെന്നുമാണ് ആവശ്യപ്പെടുന്നത്.

കൊച്ചിയിലെ വാർത്താ സമ്മേളനത്തിലൂടെ ലക്ഷദ്വീപ് ജനതയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത കളക്ടർക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് രണ്ടാം പ്രമേയം. പ്രതിഷേധസമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ചും കേസ് പിന്‍വലിക്കണമെന്നുമാണ് മൂന്നാം പ്രമേയത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios